ഓണത്തെ വരവേറ്റ് കേരളം : ഇന്ന് ഒന്നാം ഓണം
ഇന്ന് ഓണക്കാലത്തെ ഏറ്റവും സജീവദിനമായ ഉത്രാടം. തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിനെ ഉത്രാടപ്പാച്ചിൽ എന്നാണ് വിളിക്കുന്നത്. ഒന്നാം ഓണമായി ആഘോഷിക്കുന്നതും ഉത്രാടദിവസമാണ്. കാലമെത്ര മാറിയിട്ടും ഇന്നും ഉത്രാട പാച്ചിലിന് മാറ്റമൊന്നുമില്ല. തിരുവോണത്തിനായുള്ള ഒരുക്കത്തിലാണ് മലയാളികൾ, ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.നാടും നഗരവും ഉത്രാടപ്പാച്ചിലിലാണ് .ഉത്രാടനാളിൽ ഓണവിപണിയും സജീവമാകും. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് അന്വർത്ഥമാകാനെന്നവണ്ണം നഗരത്തിലെ വസ്ത്രവിൽപ്പന ശാലകളിലും പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളിലും വഴിയോര വാണിഭകേന്ദ്രങ്ങളിലും ഇന്ന് തിരക്കോടുതിരക്കായിരിക്കും. ’ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെ വെപ്രാളം ‘ ഓണത്തിനോടനുബന്ധിച്ചുള്ള ചൊല്ലുകളിൽ പ്രസിദ്ധമായ ഒന്നാണ് ഇത് ഉത്രാടം ഉച്ചകഴിയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ഒരുക്കത്തിൽ സ്ത്രീകളുടെ പങ്കിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.