നവകേരള സദസ്സിന്റെ ഭാഗമായി ആദ്യദിനം പൊതുജനങ്ങളില്‍നിന്നും സ്വീകരിച്ചത് 1908 പരാതികള്‍

Spread the love

നവകേരള സദസ്സിന്റെ ഭാഗമായി ആദ്യദിനം പൊതുജനങ്ങളില്‍നിന്നും സ്വീകരിച്ചത് 1908 പരാതികള്‍. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ സ്‌കൂളില്‍ ഏഴ് കൗണ്ടറിലായി രാവിലെ 11ന് ആരംഭിച്ച പരാതി സ്വീകരിക്കല്‍ രാത്രി 7.15 വരെ നീണ്ടു. ആര്‍ഡിഒ അതുല്‍ സ്വാമിനാഥിന്റെ മേല്‍നോട്ടത്തില്‍ അറുപതോളം ജീവനക്കാരാണ് പരാതികള്‍ സ്വീകരിച്ചത്.മഞ്ചേശ്വരം താലൂക്ക് ഓഫീസ് സൂപ്രണ്ട് എസ് അജ്മലും സ്പെഷ്യല്‍ തഹസില്‍ദാര്‍ പി ഉദയകുമാറുമാണ് കൗണ്ടറിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. വൈകിട്ട് നാലാകുമ്പോഴേക്കും പരാതികളുടെ എണ്ണം ആയിരം കടന്നിരുന്നു. ഭിന്നശേഷിക്കാരും മുതിര്‍ന്നവരും സ്ത്രീകളുമുള്‍പ്പെടെ നിരവധി പരാതിക്കാരെത്തിയെങ്കിലും ആരെയും മുഷിപ്പിക്കാതെ പരാതിക്കാര്‍ക്ക് ഇരിക്കാന്‍ കസേരയും കുടിവെള്ളവും നല്‍കി.അതേസമയം, സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാത്ത അവസ്ഥ ഉള്ളപ്പോഴും അതിനെ അതിജീവിച്ച് സംസ്ഥാനം മുന്നോട്ടുകുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘വിവിധ മേഖലകളില്‍ കേരളത്തിന് അര്‍ഹതപ്പെട്ട 57,000 കോടിയില്‍പ്പരം രൂപയാണ് വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന്റെ കൈവശം എത്തേണ്ട തുകയാണിത്. ഈ സാമ്പത്തിക ഞെരുക്കം ചില പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷെ, അതെല്ലാം അതിജീവിച്ചു കൊണ്ട് സംസ്ഥാനം മുന്നോട്ട് കുതിക്കുകയാണ്,’ മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷവരുമാനം 1,48,000 കോടി രൂപയില്‍ നിന്നും 2,28,000 കോടി രൂപയായി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷവരുമാനമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ എട്ടു ശതമാനം വര്‍ധന കൈവരിച്ചു. തനതു വരുമാനം 26 ശതമാനത്തില്‍ നിന്നും 67 ശതമാനമായി ഉയര്‍ന്നു. ആഭ്യന്തര ഉല്‍പ്പാദനം 2016 ല്‍ 56,000 കോടി രൂപയായിരുന്നത് ഇപ്പോള്‍ 10,17,000 കോടി രൂപയായി വര്‍ധിച്ചു. നികുതി വരുമാനത്തില്‍ 23,000 കോടി രൂപയുടെ വര്‍ധനവുണ്ടായെന്നും മുഖ്യമന്ത്രി കണക്കുകള്‍ സഹിതം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *