താനൂര്‍ കസ്റ്റഡി മരണം; സുജിത് ദാസിനെ വീണ്ടും ചോദ്യം ചെയ്ത് സി.ബി.ഐ
തിരുവനന്തപുരം: താനൂര്‍ കസ്റ്റഡി മരണ കേസില്‍ മലപ്പുറം മുന്‍ എസ്.പി. സുജിത് ദാസിനെ സി.ബി.ഐ. വീണ്ടും ചോദ്യം ചെയ്തതായി സൂചന. കഴിഞ്ഞവര്‍ഷമാണ് മലപ്പുറം താനൂരില്‍ പോലീസ് കസ്റ്റഡിയിലിരിക്കേ താമിര്‍ ജിഫ്രി എന്ന യുവാവ് മരിച്ചത്. പി.വി.അന്‍വര്‍ എം.എല്‍.എ.യുമായുള്ള ഫോണ്‍ സംഭാഷണം പുറത്തായതിനെത്തുടര്‍ന്ന് പത്തനംതിട്ട മുന്‍ എസ്.പി.യായിരുന്ന സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.തിരുവനന്തപുരത്തെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മുന്‍ എസ്.പി.യെ ചോദ്യം ചെയ്തതെന്നാണ് വിവരം. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധസേനയാണ്(ഡാന്‍സാഫ്) താമിറിനെയും സംഘത്തെയും അറസ്റ്റുചെയ്തത്. താനൂരില്‍നിന്ന് എം.ഡി.എം.എ.യുമായി ഇവരെ അറസ്റ്റുചെയ്തുവെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍, ചേളാരി ആലുങ്ങലിലെ ഒരു വാടകമുറിയില്‍നിന്നാണ് അറസ്റ്റുചെയ്യപ്പെട്ടതെന്ന് ജിഫ്രിയുടെ സുഹൃത്തുക്കള്‍ പിന്നീട് സി.ബി.ഐ.യ്ക്കു മൊഴിനല്‍കി. പ്രതികളായ പോലീസുകാരെ രക്ഷിക്കാന്‍ അന്നത്തെ ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ശ്രമിച്ചുവെന്ന് താമിറിന്റെ വീട്ടുകാര്‍ ആരോപിച്ചിരുന്നു.താമിര്‍ അനുഭവിച്ച ക്രൂരമായ പീഡനത്തിന്റെ വ്യക്തമായ ചിത്രമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞത്. ഈ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.