തൃശ്ശൂരിലെ മാലിന്യം കണ്ണൂരിൽ തള്ളിയ പാലക്കാട്ടെ ഏജൻസിക്ക് 30000 രൂപ പിഴ

Spread the love

കണ്ണൂർ : തൃശ്ശൂരിലെ മാലിന്യം കണ്ണൂരിൽ തള്ളിയ പാലക്കാട്ടെ ഏജൻസിക്ക് 30000 രൂപ പിഴ. കണ്ണൂർ കൂത്തുപറമ്പ് റോഡിൽ കിഴുത്തള്ളിയിൽ വൻ തോതിൽ മാലിന്യം കൊണ്ടുവന്ന് നിക്ഷേപിച്ചതിന് പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലെ സ്ക്രാപ്പ് വ്യാപാരികക്കാണ് 30000 രൂപ പിഴ ചുമത്തിയത്. കണ്ണൂർ കൂത്തുപറമ്പ് റോഡിൽ കിഴുത്തള്ളിയിലെ കാർ കമ്പനി എന്ന സ്ഥാപനത്തിൻ്റെ എതിർവശത്തായാണ് തോടിനോട് ചേർന്ന് ഇരുപതോളം ചാക്കുകളിലായി മാലിന്യം തള്ളിയ നിലയിൽ കഴിഞ്ഞ ബുധനാഴ്ച്ച തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ടെത്തിയത്.തുടർന്ന് നടത്തിയ പരിശോധനയിൽ അവ മുഴുവൻ തൃശ്ശൂർ ജില്ലയിലെ കുന്നംകുളം, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞു. കുന്നംകുളം ഭാഗത്തെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയുമായി ഒൻപത് മേൽവിലാസങ്ങളാണ് പരിശോധന സംഘത്തിന് മാലിന്യക്കെട്ടിൽ നിന്നും ലഭിച്ചത്. കുന്നംകുളത്തെ റോയൽ ഹോസ്പിറ്റലിൽ നിന്നുള്ള മാലിന്യങ്ങളാണ് ഭൂരിഭാഗവും എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആശുപത്രി അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ട് മാലിന്യം കൈമാറിയ ഏജൻസിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു.മാലിന്യ ചാക്കിൽ നിന്നും കിട്ടിയ രേഖകളിൽ പറയുന്ന റോയൽ ഹോസ്പിറ്റൽ ഇപ്പോൾ പ്രവർത്തിക്കുന്നി ല്ലെന്നും ആ സ്ഥാപനം ദയാ ഹോസ്പിറ്റൽ ഏറ്റെടുത്ത സമയത്തുള്ള മാലിന്യങ്ങളാണ് ഏജൻസിക്ക് നൽകിയതെന്നും ബന്ധപ്പെട്ടവരിൽ നിന്നും മറുപടി കിട്ടി. അതനുസരിച്ച് പ്രസ്തുത സ്ക്രാപ്പ് ഏജൻസി ഉടമ പി. മുഹമ്മദിനെ കണ്ണൂർ കോർപ്പറേഷൻ സോണൽ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും കുറ്റം സമ്മതിച്ചതിനെ തുടർന്ന് മുൻസിപ്പൽ ആക്ട് അനുസരിച്ച് 30000 രൂപ തൽസമയം പിഴ ഈടാക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *