വയനാട്ടിലെ ദുരന്ത മേഖലയോട് ചേര്‍ന്ന മേഖലയില്‍ വീടുകളില്‍ വ്യാപക മോഷണം നടക്കുന്നതായി പരാതി
മേപ്പാടി: വയനാട്ടിലെ ദുരന്ത മേഖലയോട് ചേര്‍ന്ന മേഖലയില്‍ വീടുകളില്‍ വ്യാപക മോഷണം നടക്കുന്നതായി പരാതി. മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും വീടുകളിലാണ് മോഷണം നടന്നത്.ഈ മേഖലയില്‍ അപകടം സംഭവിക്കാത്ത വീടുകളില്‍ നിന്നുള്‍പ്പെടെ ആളുകളെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. അത്തരം വീടുകളിലാണ് കവര്‍ച്ച നടക്കുന്നതായി പരാതി വന്നിരിക്കുന്നത്.അപകടം ഉണ്ടായതറിഞ്ഞ് വീടുകളില്‍ നിന്ന് ഇറങ്ങിയോടിയപ്പോള്‍ പലരും വീടുകള്‍ അടച്ചുപൂട്ടാതെയാണ് ഓടിയതെന്ന് പ്രദേശവാസി പറഞ്ഞു. ഗള്‍ഫ് നാടുകളില്‍ അധ്വാനിച്ച് നേടിയ സമ്പാദ്യം കൊണ്ട് ഏലവും കാപ്പിയും അടക്കം കൃഷി ചെയ്യുന്ന സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള പലരും ഈ മേഖലയില്‍ ഉണ്ടായിരുന്നു. അവരുടെയെല്ലാം വീടുകളില്‍ സ്വര്‍ണവും പണവും ഉണ്ടായിരുന്നു. ഇതിനെക്കുറിച്ചൊന്നും ആലോചിക്കാതെയാണ് ദുരന്തം സംഭവിച്ചതറിഞ്ഞ് വീടുകള്‍ വിട്ട് ഓടിയത്. ജീവന്‍ മാത്രം കൈയ്യില്‍ പിടിച്ചാണ് മിക്ക ആളുകളും വീടുകളില്‍ നിന്ന് ക്യാംപുകളിലേക്ക് മാറിയതെന്ന് അദ്ദേഹം പറഞ്ഞു.