ഉരുള്‍പൊട്ടല്‍ ദുരന്തം – സുരക്ഷയിൽ ആദിവാസി കുടുംബങ്ങള്‍, സംരക്ഷിത ക്യാമ്പുകളിൽ കഴിയുന്നത് 47 പേർ

Spread the love

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംരക്ഷിതരായി ആദിവാസി കുടുംബങ്ങള്‍. ദുരിതബാധിത മേഖലയിലെ പുഞ്ചിരിമട്ടം, ഏറാട്ടുകുന്ന് ഉന്നതികളിലെ 47 പേരാണ് സംരക്ഷിത ക്യാമ്പുകളിലുള്ളത്. ദുരന്തമുണ്ടാകുന്നതിന് മുമ്പേ ഏറെ കുടുംബങ്ങളെ അധികൃതര്‍ ഒഴിപ്പിച്ചതും ഏറെ ഗുണകരമായി. പുഞ്ചിരിമട്ടം സങ്കേതത്തില്‍ നാല്‍പ്പത് മീറ്റര്‍ അകലെയായിരുന്നു ഉരുള്‍ പൊട്ടലിന്റെ പ്രഭവകേന്ദ്രം. അഞ്ചു കുടുംബങ്ങളിലായി 16 പേരായിരുന്നു മഴ കനത്തു പെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരെത്തി ഈ സങ്കേതത്തില്‍ നിന്നും ആദിവാസി കുടുംബങ്ങളെ ആദ്യം മുണ്ടക്കൈ എല്‍.പി സ്‌കൂളിലേക്കും പിന്നീട് വെള്ളാര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലേക്കും മാറ്റിയിരുന്നു. ആദ്യ ഉരുള്‍പൊട്ടലിൽ തന്നെ ക്യാമ്പിലേക്ക് വെള്ളം കയറിയെങ്കിലും ഇതിനകം മുഴുവന്‍ പേരെയും ഇവിടെ നിന്നും മാറ്റാന്‍ കഴിഞ്ഞു. ഇതിൽ 14 പേര്‍ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്യാമ്പിലും മറ്റ് രണ്ടു പേര്‍ രോഗബാധിതരായി ആശുപത്രിയിലുമാണ്. ഏറാട്ടുകുണ്ട് ഉന്നതിയില്‍ കാടിനോട് ചേര്‍ന്നുള്ള സങ്കേതത്തിലായിരുന്നു അഞ്ച് കുടുംബങ്ങളിലായി 33 പേര്‍ താമസിച്ചിരുന്നത്. ക്യാമ്പിലേക്ക് മാറാന്‍ വിസമ്മതിച്ചിരുന്ന ഇവരെയും മലയിറക്കി ക്യാമ്പിലെത്തിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശ്രമത്തിന് കഴിഞ്ഞു. ഇതിൽ 24 പേരെ അട്ടമല എച്ച്.എം.എല്‍ പാടി ക്യാമ്പിലാണ് പാര്‍പ്പിച്ചത്. സുരക്ഷിത ഇടങ്ങള്‍ തേടി പോയ മറ്റുള്ളവരെയും അധികൃതര്‍ ഇടപെട്ട് ക്യാമ്പിലെത്തിച്ചു. ഉരുള്‍ പൊട്ടലുണ്ടാകുന്നതിന് മുമ്പ് വനത്തിലേക്ക് പോയ പുഞ്ചിരിമട്ടത്തെ രണ്ട് ആദിവാസികളെ തേടിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.പുഞ്ചിരിമട്ടം, ഏറാട്ടുകുണ്ട് ആദിവാസികുടംബങ്ങളുടെ പുനരധിവാസത്തിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ ഈ കുടുംബങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തതിനാല്‍ പുനരധിവാസം നടന്നിരുന്നില്ല. രണ്ട് ഉന്നതികളിലുമായി മൂന്ന് ഏക്കറോളം ഭൂമി ഇവിടെയുണ്ട്. കൃഷിയിടങ്ങളും ഇതില്‍ നിന്നുള്ള വരുമാനവുമെല്ലാം ഉപേക്ഷിച്ച് മലയിറങ്ങാന്‍ ഇവര്‍ തയ്യാറാകാത്ത സാഹചര്യം പരിഗണിച്ച് ഇവര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടെയാണ് പട്ടിക വര്‍ഗ വികസന വകുപ്പ് പദ്ധതി തയാറാക്കിയിരുന്നത്. ഇതിനിടയിലാണ് ഉരുള്‍പൊട്ടൽ ദുരന്തം ആദിവാസികളെയും ബാധിച്ചത്.ദുരന്തത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങളെ അനുയോജ്യമായ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പട്ടികവര്‍ഗ വികസന വകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *