അര്‍ജുനായുള്ള തെരച്ചില്‍ പതിനൊന്നാം നാളിലേക്ക്; ട്രക്ക് കണ്ടെടുക്കാന്‍ ഇന്നും ശ്രമം തുടരും

Spread the love

ബെംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗംഗാവലി നദിയിലേക്ക് വീണ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ട്രക്ക് കണ്ടെടുക്കാന്‍ നാവികസേന ഇന്നും ശ്രമം തുടരും. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് നദിയില്‍ ഇറങ്ങാന്‍ കഴിയൂ. മഴ തുടരുന്നതിനാല്‍ നദിയില്‍ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാന്‍ കാത്തിരിക്കണമെന്നും മറ്റ് വഴികള്‍ ഇല്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഡ്രെഡ്ജര്‍ ഉള്‍പ്പെടെ എത്തിക്കാന്‍ കാലാവസ്ഥ തടസ്സമാണ്. ഇന്ന് മുതല്‍ വരുന്ന മൂന്ന് ദിവസം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്.നദിക്കടിയിലുള്ള ട്രക്കില്‍ മനുഷ്യശരീരം ഉണ്ടോ, ട്രക്ക് കൊളുത്തിട്ട് വലിച്ചു കയറ്റാന്‍ ആകുമോ എന്നെല്ലാം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദ്ധരാകും പരിശോധിക്കുക. ദില്ലിയില്‍ നിന്ന് എത്തിച്ച ഐബോഡ് ഇന്നലെ ട്രക്കിന്റെ സ്ഥാനം കൂടുതല്‍ കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. റോഡില്‍ നിന്ന് 60 മീറ്റര്‍ അകലെയായി 8 മുതല്‍ 10 മീറ്റര്‍ ആഴത്തിലാണ് ട്രക്കുള്ളത്. കുറഞ്ഞത് അഞ്ച് മീറ്റര്‍ ആഴത്തില്‍ ക്യാബിനും ലോറിയും വേര്‍പെടാത്ത നിലയിലാണ് ട്രക്ക് ഉള്ളതെന്നാണ് കണ്ടെത്തല്‍. നാവിക സേനയുടെ ഡൈവര്‍മാരുടെ സംഘത്തിന് ബോട്ടുകള്‍ പുഴയുടെ നടുവില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ പോലും പുഴയിലെ കനത്ത കുത്തൊഴുക്ക് കാരണം ഇന്നലെ സാധിച്ചില്ല. ഇന്ന് ഉത്തര കന്നഡ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് ആണ്.വ്യാപകമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പുഴയിലെ സ്ഥിതി നോക്കി മാത്രമേ അര്‍ജുന് വേണ്ടി ഡൈവര്‍മാരെ ഇറക്കി ഉള്ള തെരച്ചില്‍ നടക്കൂ. ഇന്നലെ ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ ഡ്രോണ്‍ റഡാര്‍ സംവിധാനമായ ഐബോഡ് മലയാളിയായ റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തില്‍ പരിശോധിച്ച് ലോഹഭാഗങ്ങള്‍ കണ്ടെത്തിയ 4 ഇടങ്ങളുടെ സിഗ്‌നല്‍ മാപ്പ് തയ്യാറാക്കിയിരുന്നു. ഇതില്‍ അര്‍ജുന്റെ ട്രക്കിന്റെ മുന്‍ വശം അടക്കം കണ്ടെത്തി. ഇതിന് അകത്ത് അര്‍ജുന്‍ ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ ഒരു സ്‌കൂബ ഡൈവര്‍ ഇറങ്ങി പരിശോധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *