പൊന്മുടിയിൽ വീണ്ടും ആനക്കൂട്ടം; ജാഗ്രത നിർദ്ദേശം

Spread the love

വിതുര : പൊന്മുടിയിൽ കഴിഞ്ഞ ദിവസം വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. പതിമൂന്നാം വളവിന് സമീപമാണ് മൂന്ന് കാട്ടാനകൾ എത്തിയത്. ധാരാളം സഞ്ചാരികൾ എത്തിയ സമയത്താണ് ആനക്കൂട്ടം ഇറങ്ങിയത്. ഇത് യാത്രക്കാരെ ഭീതിയിലാക്കി. രണ്ട് ദിവസമായി ഈ മേഖലയിൽ ആന ശല്യമുണ്ടായിരുന്നു. കഴിഞ്ഞദിവസം മണിക്കൂറുകളോളം ഇവിടെ തുടർന്നിരുന്ന ഇവയെ വനപാലകരെത്തിയാണ് വനത്തിലേക്ക് തുരത്തിയത്.രണ്ടു ദിവസം മുമ്പ് പത്താം വളവിന് സമീപമെത്തിയ കാട്ടാനകൾ സഞ്ചാരികളെ ഓടിച്ചിരുന്നു. മഴ കനത്തതോടെ പൊന്മുടി- കല്ലാർ പാതയിൽ ആനശല്യം രൂക്ഷമാവുകയാണ്. പ്രദേശത്തെ മരങ്ങളും വൈദ്യുതി തൂണുകളും ഇവ നശിപ്പിക്കുന്നതും പതിവാണ്. രാത്രിയിൽ നടുറോഡിലാണ് കാട്ടാനകൾ കിടന്നുറങ്ങുന്നത്. രാവിലെ കെ.എസ്.ആർ.ടി.സി ബസ് എത്തി ഹോൺ മുഴക്കുമ്പോഴാണ് ഇവ വനത്തിലേക്ക് പോകുന്നത്. *സഞ്ചാരികൾ ഒഴുകുന്നു* പ്രതികൂല കാലാവസ്ഥയെ തുടർന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന പൊന്മുടി തുറന്നതോടെ സഞ്ചാരികളുടെ തിരക്കേറുകയാണ്. പൊന്മുടിയിൽ ഇപ്പോൾ നല്ലമഴയും മഞ്ഞുമുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ തിരക്ക്. ഈ ദിവസങ്ങളിൽ അപ്പർ സാനിറ്റോറിയം വാഹനങ്ങളാൽ നിറയും. ഗതാഗതക്കുരുക്കും രൂക്ഷമാകും. *ജാഗ്രത പാലിക്കണം*കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ സഞ്ചാരികൾ വനത്തിനുള്ളിലേക്ക് കയറരുതെന്നും കാട്ടാനകളെ കണ്ടാൽ ഫോട്ടോ എടുക്കുവാൻ ശ്രമിക്കരുതെന്നും പൊന്മുടി ഇക്കോ ‌ഡെവല്പ്മെന്റ് കമ്മിറ്റി അറിയിച്ചു. സഞ്ചാരികൾ പൊലീസിന്റേയും വനപാലകരുടേയും നിർദ്ദേശങ്ങൾ പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *