നീണ്ട കാത്തിരിപ്പിന് ശേഷം നെയ്യാറ്റിൻകര അക്ഷയ വാണിജ്യസമുച്ചയകേന്ദ്രം നവീകരണത്തിനായി ഒരുങ്ങുന്നു: നഗരസഭ
നെയ്യാറ്റിൻകര : ഒരു വർഷത്തോളമായി മുടങ്ങിക്കിടന്ന നഗരസഭയുടെ അക്ഷയ വാണിജ്യ സമുച്ചയ നവീകരണത്തിനു ജീവൻവയ്ക്കുന്നു. അക്ഷയ സമുച്ചയത്തിന്റെ നവീകരണപ്രവർത്തികൾ സംബന്ധിച്ച് ചർച്ച ചെയ്യാനായി നഗരസഭ ചെയർമാനും സെക്രട്ടറിയും എൻജിനീയറും സ്ഥലം സന്ദർശിച്ചു. വാണിജ്യസമുച്ചയത്തിലേക്കുള്ള പ്രവേശനംമുതൽ അടിമുടി മാറ്റങ്ങൾ നവീകരണത്തോടൊപ്പം നടപ്പിലാക്കാൻ നഗരസഭ തീരുമാനിച്ചു.2000-ൽ 148 കടകളുമായി പ്രവർത്തനം ആരംഭിച്ച നഗരസഭയുടെ വരുമാനത്തിന്റെ നട്ടെല്ലായ അക്ഷയ വാണിജ്യസമുച്ചയ വികസനം മോശമായിരിക്കുന്നു. ഇതിനെത്തുടർന്നാണ് നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ, സെക്രട്ടറി ബി.സാനന്ദസിങ്, നഗരസഭ എൻജിനീയർ ദിവ്യ പി.നായർ, അസിസ്റ്റന്റ് എൻജിനീയർ പ്രീതി എന്നിവരടങ്ങുന്ന സംഘം അക്ഷയ സമുച്ചയത്തിലെത്തി വികസന പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച നടത്തിയത്.അക്ഷയ വാണിജ്യസമുച്ചയത്തിലേക്കുള്ള പ്രവേശനകവാടംമുതൽ അടിമുടി നവീകരണമാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പി.കെ.രാജമോഹനൻ വ്യക്തമാക്കി. സമുച്ചയത്തിനകത്തേക്ക് രാത്രി പുറത്തുനിന്നുള്ളവർ കടക്കുന്നത് ഒഴിവാക്കാനും മാലിന്യങ്ങൾ കവറിലാക്കി വലിച്ചെറിയുന്നത് ഒഴിവാക്കാനും ഇരുമ്പുവേലിയുടെ പൊക്കം കൂട്ടും. ചുറ്റുമുള്ള നടപ്പാത ഇന്റർ ലോക്കിട്ട് നവീകരിക്കും.സമുച്ചയത്തിൽ പ്രവർത്തിക്കുന്ന മജിസ്‌ട്രേറ്റ് കോടതിയുടെ പാർക്കിങ് യാർഡ് നവീകരിക്കും. മഴവെള്ളം സമുച്ചയാങ്കണത്തിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനായി ഡ്രെയിനേജ് സംവിധാനം വിപുലമാക്കും. ഇതോടൊപ്പം തകർന്ന റോഡിന്റെ നവീകരണവും നടത്തും.നിലവിൽ 15 ലക്ഷം രൂപയ്ക്ക് കരാറെടുത്തവരെക്കൊണ്ട് കാലാവധി തീരുംമുൻപേ നവീകരണം പൂർത്തിയാക്കും.ഇതിനൊപ്പം പുതിയ നിർമാണപ്രവർത്തികൾ സംബന്ധിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും.അക്ഷയസമുച്ചയത്തിൽ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയോടെ കൂട്ടായ ശുചീകരണ പ്രവർത്തനം സംഘടിപ്പിക്കും. കൗൺസിൽ യോഗം ചേർന്ന് ഇതുസംബന്ധിച്ച് തീയതി തീരുമാനിക്കും. ഇതോടൊപ്പം പ്രവർത്തനം നിലച്ച ലൈറ്റുകൾ മാറ്റിസ്ഥാപിക്കലും നടത്തും. ഉപയോഗശൂന്യമായ പൊതുശൗചാലയത്തിന്റെ നവീകരണവും ഇതോടൊപ്പം ചെയ്യുമെന്നും വ്യക്തമാക്കി.