വൈദ്യുതി മുടക്കം പതിവ്
പാലോട് : ആകാശത്ത് മഴക്കാറ് കണ്ടാൽ പിന്നെ പാലോട്, നന്ദിയോട് മേഖലകളിലെ ജനങ്ങൾ വൈദ്യുതി നോക്കുകയേ വേണ്ട. വേനൽക്കാലത്ത് എല്ലാ മേഖലകളിലേയും വൈദ്യുതി പൂർണമായും ഓഫാക്കി ലൈനുകളുടെ മെയിന്റനൻസ് വർക്കുകളും വൈദ്യുതി ലൈനിൽ മുട്ടി നിൽക്കുന്ന മരച്ചില്ലകളും വെട്ടിമാറ്റിയിരുന്നു. എന്നാൽ ചെറിയ കാറ്റടിച്ചാൽ വൈദ്യുതിയും കൂടെ പോകും. കഴിഞ്ഞ ദിവസം ആദിവാസി മേഖലയായ കരിമ്പിൻകാലായിലും പുലിയൂർ മേഖലയിലും രാവിലെ ചെറിയ ഒരു മരം വീണ് ഒരു കമ്പി പൊട്ടിവീണിട്ട് അത് നന്നാക്കിയത് രാത്രിയോടെയാണ്. ആലുങ്കുഴിയിൽ അപകടകരമായി നിന്ന മരം മുറിക്കാനായി അഴിച്ചുമാറ്റിയ കമ്പി ഉച്ചയ്ക്ക് പതിനൊന്നരയോടെ തിരികെ കെട്ടാനായി അറിയിച്ചിട്ട് രാത്രി 9.30 മണിക്കാണ് ലൈൻ പുനസ്ഥാപിച്ചത് .ഇതേ തുടർന്ന് മണിക്കൂറുകളോളം ഒരു പ്രദേശം മുഴുവൻ ഇരുളിലായി. പ്രദേശവാസികൾ ഇലക്ട്രിസിറ്റി ഓഫീസിൽ ബന്ധപ്പെട്ടാൽ ജീവനക്കാരുടെ കുറവുമൂലമുള്ള പ്രതിസന്ധിയെന്നാണ് പറയുക. വൈദ്യുതി മുടക്കം മൂലം വ്യാപാരികളുടെ ജീവിതവും ദുസഹമാണ്. ദിവസവും വൈദ്യുതി തടസം മൂലം ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടാകുന്നത്.