മുന്നറിയിപ്പില്ലാതെ എ ഐ ടി യു സി ജില്ലാ കമ്മിറ്റി ഓഫീസിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു: പ്രതിഷേധത്തെ തുടർന്ന് പുനസ്ഥാപിച്ചു
തിരുവനന്തപുരം തമ്പാനൂരിലെ എഐടിയുസി ജില്ലാ കൗൺസിൽ ഓഫീസ് ആയ സുഗതൻ സ്മാരകത്തിൽ ഏതൊരു മുന്നറിയിപ്പോ നോട്ടീസോ ഇല്ലാതെ കുടിശ്ശികയുടെ പേരിൽ വാട്ടർ അതോറിറ്റി കുരിയാത്തി ഡിവിഷനിലെ ജീവനക്കാരൻ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു. നിയമാനുസരണം ഒരാഴ്ചയ്ക്ക് മുമ്പ് രേഖാമൂലം നോട്ടീസ് നൽകിയതിനു ശേഷമേ കണക്ഷൻ വിച്ഛേദിക്കാവൂ എന്നിരിക്കെ തൊഴിലാളികൾ ദിനംപ്രതി വന്നു പോകുന്ന ഓഫീസിൽ പൊടുന്നനെ കുടിവെള്ളം വിച്ഛേദിച്ചതിനെതിരെ ചാലയിലെ കുരിയാത്തി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ ഓഫീസ് ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാറിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. പ്രതിഷേധ സമരത്തെ തുടർന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി നടത്തിയ ചർച്ചയിൽ വിച്ഛേദിച്ച കണക്ഷൻ പുനഃസ്ഥാപിക്കുകയും പത്തു ഗഡുക്കളായി അടയ്ക്കുന്നതിന് തീരുമാനമായി. ഇതുപോലെ മുന്നറിയിപ്പ് കൂടാതെ കണക്ഷൻ വിച്ഛേദിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. അകാരണമായി കണക്ഷൻ വിച്ഛേദിച്ചതിനെതിരെ എ ഐ ടി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ജലവിഭവ വകുപ്പ് മന്ത്രിയോട് ഫോണിൽ പ്രതിഷേധം അറിയിച്ചു. സമരത്തിൽ എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്, ബി ജയകുമാർ, മുജീബ് റഹ്മാൻ, സുനിൽ മതിലകം, പാപ്പനംകോട് അജയൻ, ആൾസൈയിൻസ് അനിൽ, പുറുത്തിപ്പാറ സജീവ്, മീനാങ്കൽ സന്തോഷ്, ക്ലീറ്റസ്, മൈക്കിൾ ബാസ്റ്റിൻ, മുരുകൻ പേരൂർക്കട, രാജകുമാർ, അജികുമാർ, തമ്പാനൂർ സജാദ്, നവാബുദീൻ, ബ്രഹ്മനായകം, സുധീർ തുടങ്ങിയവർ പങ്കെടുത്തു