കരുവന്നൂര്‍ കളളപ്പണക്കേസില്‍ ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
കോഴിക്കോട് : കരുവന്നൂര്‍ കളളപ്പണക്കേസില്‍ ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടിയുടെ അക്കൌണ്ടുകള്‍ കണ്ടുകെട്ടിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു. തെറ്റായ ഒരു നടപടിയും വെച്ച് പൊറുപ്പിക്കില്ല. വലിയ നിയമ യുദ്ധവുമായി മുന്നോട്ട് പോകുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.പാന്‍ കാര്‍ഡിലെ ഒറ്റ അക്കം വെച്ചാണ് ഇഡിയും ഐടിയും കളിച്ചത്. സിപിഐഎമ്മിന്റെ ആയിരക്കണക്കിന് ബ്രാഞ്ചുകള്‍ക്കും ഏരിയ കമ്മറ്റികള്‍ക്കും സ്വന്തം ഭൂമിയും കെട്ടിടവും ഉണ്ട്. ഏത് ബ്രാഞ്ച് ഭൂമി വാങ്ങിയാലും സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പേരിലാണ് രജിസ്ട്രര്‍ ചെയ്യുക. ആറു പ്രധാന അക്കൗണ്ടുകള്‍ പാര്‍ട്ടിക്ക് ഇല്ല. അങ്ങനെയാണ് ഇഡി പറയുന്നത്. തെറ്റായ നിലപാടിനെ ഞങ്ങള്‍ അംഗീകരിക്കില്ല. കരുവന്നൂര്‍ പാര്‍ട്ടി പുറത്താക്കിയവരെ മാപ്പ് സാക്ഷിയാക്കി സിപിഐഎം നെ വേട്ടയാടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.തിരുത്തേണ്ടത് എല്ലാം തിരുത്തി മുന്നോട്ട് പോകും. പെന്‍ഷന്‍ മുഴുവന്‍ കൊടുക്കും. പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട പണം നല്‍കുകയെന്നതിനാകും ആദ്യ പരിഗണന. ജനങ്ങളിലേക്ക് തന്നെ ഇറങ്ങിച്ചെല്ലും. മുഴുവന്‍ ബാധ്യതയും തീര്‍ക്കുമെന്നും തെറ്റായ ഒരു പ്രവണതയെയും വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.