സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. കേരളാ തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. വടക്കന്‍ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.പുതുക്കിയ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശംകേരള തീരത്തും, തമിഴ്നാട് തീരത്തും 03-07-2024 രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.ജാഗ്രത നിര്‍ദ്ദേശങ്ങള്‍1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.