വീടിനുള്ളിൽ വെള്ളം കയറി ,അഗ്നിരക്ഷാ സേന രക്ഷിച്ചു
വെഞ്ഞാറമൂട് :വീടിനുള്ളിൽ വെള്ളം കയറി. അഗ്നിരക്ഷാ സേനയെത്തി വീട്ടുകാരെ പുറത്തെത്തിച്ചു.പുല്ലമ്പാറ തേമ്പാമൂട് എ.ആർ. മന്ദിരത്തിൽ ഗീതയുടെ വീട്ടിലാണ് വെള്ളം കയറിയത്.കിടപ്പു രോഗിയായ ദേവകി (95), ഓമന(65),റാണി(26) ജിബിൻ (29), രക്‌സി(ഒന്നര വയസ്) എന്നിവരാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.തിങ്കളാഴ്ച രാത്രിയിലും രാവിലെയുമായി പെയ്ത മഴയിൽ വീടിന് സമീപത്ത് കൂടി ഒഴുകിയിരുന്ന തോട് നിറഞ്ഞ് കവിഞ്ഞ് വീടിനുള്ളിലേക്ക് വെള്ളം കയറുകയായിരുന്നു.തുടർന്ന് വാർഡംഗം വെഞ്ഞാറമൂട് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും അവരെത്തി വീട്ടുകാരെ പുറത്തെത്തിക്കുകയുമായിരുന്നു. ഗ്രേഡ് സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ഗിരീഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ ബൈജു, രഞ്ജിത്ത്, നജിമോൻ സൈഫുദ്ദിൻ, ഹോം ഗാർഡുമാരായ സനിൽ, സജി, ആനന്ദ് എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. വീടിന് സമീപത്ത് മുൻപ് തോട്ടിൽ കെട്ടിയിരുന്ന തടയണ കാരണമാണ് നീരൊഴുക്ക് തടസപ്പെട്ട് വീട്ടിൽവെള്ളം കയറാനിടയായതെന്ന് കണ്ടെത്തിയ അഗ്നിരക്ഷാ സേന തടയണ മാറ്റുകയും നീരൊഴുക്ക് സുഗമമാക്കുകയും കൂടി ചെയ്യുകയുണ്ടായി.