സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.നാളെ പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലർട്ടാണ്. മറ്റന്നാൾ ഇടുക്കിയിലും പാലക്കാടും റെഡ് അലർട്ടുണ്ട്. മെയ് 24, 25 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്ക് പുറമെ ശക്തമായ കാറ്റും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. തീരദേശത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല.മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീടിത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നുണ്ട്. ചക്രവാതച്ചുഴിയും ന്യൂനമർദ്ദവുമെല്ലാം കണക്കിലെടുത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്ന് തന്നെയാണ് മുന്നറിയിപ്പ്. ഇടിമിന്നൽ ഭീഷണിയുള്ളതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ മുൻകരുതൽ സ്വീകരിക്കണം.മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാൽ മലയോരമേഖലയിൽ താമസിക്കുന്നവരും ശ്രദ്ധിക്കണം. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണമെന്നും അധികൃതർ അറിയിച്ചു.