ചികിത്സ തേടിയെത്തിയ യുവാക്കൾ ആശുപത്രി ജീവനക്കാരനെ ആക്രമിച്ചു

Spread the love

വെള്ളറട : അപകടത്തിൽ പരിക്കേറ്റ് വെള്ളറട സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവും കൂടെയുണ്ടായിരുന്നയാളും ചേർന്ന് ആശുപത്രി ജീവനക്കാരനെ മർദ്ദിച്ചു. ഇന്നലെ വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം. ആശുപത്രിയിലെ അറ്റന്റർ അതിയന്നൂർ ആറാലുമൂട് കൂട്ടപ്പന പനയത്തേരി പുതുവൽ പുത്തൻവീട്ടിൽ സനൽ രാജിനെയാണ് (41) മർദ്ദിച്ചത്.വെള്ളറടയ്ക്കു സമീപം വച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ വെള്ളറട കരിമരം കോളനിയിൽ നൗഷാദ് (20) ആശുപത്രിയിൽ ചികിത്സ തേടിയെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ മുറിവിൽ മരുന്ന് വയ്ക്കാൻ നൗഷാദിനെ ഡ്രസിംഗ് റൂമിലേക്ക് വിട്ടു. ഇവിടെയുണ്ടായിരുന്ന സനൽരാജ് മുറിവുകളിലെല്ലാം മരുന്ന് വച്ചു. എന്നാൽ മദ്യലഹരിയിലായിരുന്ന നൗഷാദും ജീവനക്കാരനും തമ്മിൽ തർക്കമുണ്ടായി. ഇതിനുശേഷം പുറത്തുപോയ നൗഷാദ് തിരികെ സുഹൃത്ത് അഞ്ചുമരങ്കാല സ്വദേശി ശ്യാമുമായെത്തി സനൽരാജിന്റെ കരണത്ത് അടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ഇയാളുടെ മുഖത്ത് ധരിച്ചിരുന്ന ഗ്ളാസ് ഇളകി തെറിച്ചുവീണു. തുടർന്ന് ആശുപത്രി അധികൃതർ വെള്ളറട പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയതോടെ പ്രതികൾ ആശുപത്രിയിലെ മതിൽ ചാടി രക്ഷപ്പെട്ടു. നിരവധി കേസുകളിലെ പ്രതിയാണ് നൗഷാദെന്ന് പൊലീസ് പറഞ്ഞു. വെള്ളറട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കുവേണ്ടി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *