പ്രസവാനന്തര പ്രമേഹ പ്രതിരോധം: ‘മധുര പ്രതിരോധം’ പദ്ധതിക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ തുടക്കമായി

Spread the love

1.32 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത് ഐ.സി.എം.ആറുമായി സഹകരിച്ച്

കൊച്ചി, 20 മേയ് 2024: ഗര്‍ഭകാല പ്രമേഹം (ജസ്റ്റേഷണല്‍ ഡയബറ്റിക് മെലിറ്റസ് – ജി.ഡി.എം) ബാധിച്ച വനിതകളില്‍ പ്രസവ ശേഷമുള്ള പ്രമേഹ സാധ്യതകള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘മധുര പ്രതിരോധം’ പദ്ധതിക്ക് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ തുടക്കമായി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) 1.32 കോടി രൂപ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും മുന്‍ കേരള പൊലീസ് ഡി.ജി.പിയുമായിരുന്ന ലോകനാഥ് ബഹ്‌റ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഉയര്‍ന്ന ആരോഗ്യപരിരക്ഷയും സാമൂഹിക പ്രതിബദ്ധതയും ഉറപ്പാക്കിക്കൊണ്ടുള്ള ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമാണ് ഇത്തരം പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ ഗ്രാമീണ മേഖലയിലെ സ്ത്രീകളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജീവിത ശൈലിയില്‍ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ പ്രസവത്തിന് ശേഷം പ്രമേഹത്തെ പ്രതിരോധിക്കാന്‍ സാധിക്കും. പ്രസവാനന്തര കാലയളവില്‍ ആരോഗ്യകരമായ ജീവിത ശൈലി നയിക്കാന്‍ ഗ്രാമീണ മേഖലയിലെ ഗര്‍ഭകാലത്ത് പ്രമേഹ ബാധിതരായ രണ്ടായിരത്തോളം അമ്മമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പരിശീലനം നല്‍കും. പോഷകസമൃദ്ധമായ ഭക്ഷണം, സമ്മര്‍ദ്ദ നിയന്ത്രണം തുടങ്ങിയ ജീവിതശൈലിയിലെ മാറ്റത്തിലൂടെ കുടുംബാംഗങ്ങളുടെ പിന്തുണയോടെ അമ്മമാരിലെ ഗര്‍ഭകാല പ്രമേഹത്തെ പ്രതിരോധിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഗര്‍ഭകാല പ്രമേഹ ബാധിതരായ അമ്മമാരുടെ സംഗമ വേദിയായി മാറിയ പരിപാടിയില്‍ ജി.ഡി.എമ്മിനെ കുറിച്ചുള്ള സമഗ്രമായ ചെറുപുസ്തകം പ്രകാശനം ചെയ്തു. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കല്‍ അഫയേഴ്‌സ് ഡയറക്ടര്‍ ഡോ. ടി. ആര്‍ ജോണ്‍ പദ്ധതിയുടെ ലോഗോ പ്രകാശനം നടത്തി. ഗ്രാന്‍ഡ് ലഭിച്ച ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ക്ലിനിക്കല്‍ റിസര്‍ച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഉമാ വി. ശങ്കര്‍ പദ്ധതിയുടെ വിശദീകരണം നടത്തി. ആസ്റ്റര്‍ മെഡ്‌സിറ്റി സീനിയര്‍ ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി ആന്റ് ഐ.വി.എഫ് കണ്‍സള്‍ട്ടന്റ് ഡോ. ഷമീമ അന്‍വര്‍ സാദത്ത്, എന്‍ഡോക്രൈനോളജി കണ്‍സള്‍ട്ടന്റ് ഡോ. വി.പി വിപിന്‍, നിയോനാറ്റോളജി കണ്‍സള്‍ട്ടന്റ് ഡോ. രാജശ്രീ, ന്യൂറോ സൈക്കോളജിസ്റ്റ് ഡോ. സന്ധ്യ ചെര്‍ക്കില്‍, സീനിയര്‍ ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ നിബി അല്‍ഫോന്‍സ തുടങ്ങിയ വിദഗ്ധര്‍ ഗര്‍ഭകാല പ്രമേഹം, അതിന്റെ അപകടസാധ്യതകള്‍, ചികിത്സാ ഓപ്ഷനുകള്‍, ഭക്ഷണത്തിന്റെയും ശാരീരിക പ്രവര്‍ത്തനങ്ങളുടെയും പ്രാധാന്യം തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഐ.സി.എം.ആര്‍ പ്രോജക്ട് സയന്റിസ്റ്റ് ഡോ. മായ ചാക്കോ, ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സറീന എ. ഖാലിദ്, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. അനൂപ് ആര്‍. വാര്യര്‍, സര്‍ജിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജെം കളത്തില്‍, ഓര്‍ത്തോപീഡിക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എസ്.വിജയ മോഹന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി ചീഫ് ഓഫ് ഓപ്പറേഷന്‍സ് ധന്യ ശ്യാമളന്‍, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ ഡോ. തങ്കം രാജരത്‌നം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *