അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ കേരളത്തെ ഞെട്ടിച്ച് നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം
കൊച്ചി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ കേരളത്തെ ഞെട്ടിച്ച് നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. മനുഷ്യക്കടത്തിന് ഇരയായവരില്‍ ഒരാള്‍ പാലക്കാട് സ്വദേശിയായ മലയാളിയെന്ന് വിവരം ലഭിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. ഉത്തരേന്ത്യന്‍ സ്വദേശികളായ മറ്റ് 19 പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. കൂടുതല്‍ പേര്‍ മനുഷ്യക്കടത്തിന് ഇരകളായിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്. പ്രതി സാബിത്തില്‍ നിന്ന് പൊലീസിന് ഇതുവരെ ലഭിച്ചത് 20 പേരെക്കുറിച്ചുള്ള വിവരങ്ങളാണ്.സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ദാതാവ് ആകാന്‍ സ്വയം ഇറങ്ങി പുറപ്പെട്ട് ഒടുവില്‍ ഈ മാഫിയ സംഘത്തിലെ കണ്ണിയായെന്നാണ് സാബിത്ത് നാസര്‍ പൊലീസിനോട് പറയുന്നത്. 2019ല്‍ വൃക്ക നല്‍കി പണം കൈപ്പറ്റാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ കൂടുതല്‍ ദാതാക്കളെ ബന്ധപ്പെടുത്തി നല്‍കിയാല്‍ പണം വഴിയെ പോരുമെന്ന് മനസ്സിലാക്കി ഏജന്റായി. 2019ല്‍ തൃശൂര്‍ വലപ്പാട് എടമുട്ടത്ത് പത്ത് ദിവസം മാത്രമാണ് സാബിത്ത് നാസര്‍ താമസിച്ചത്. എന്നാല്‍ അവിടം നാട്ടിലെ മേല്‍വിലാസമാക്കി. ഭാര്യ ഉപേക്ഷിച്ചതോടെ സഹോദരിയുടെ വീട്ടിലും പലയിടങ്ങളിലായി വാടകവീടെടുത്തും കേരളത്തില്‍ വന്നും പോയുമിരുന്നു.കൂടുതല്‍ സമയവും ഇറാനില്‍ താമസമാക്കി. അവിടെ ഫരീദിഖാന്‍ ആശുപത്രിയില്‍ വൃക്ക മാറ്റി വയ്ക്കല്‍ നടപടികള്‍ക്കായി 20 ദാതാക്കളെ വരെ ഇന്ത്യയില്‍ നിന്നും റിക്രൂട്ട് ചെയ്തുവെന്നാണ് പ്രതിയുടെ മൊഴി. മലയാളികളില്‍ അല്ല അവയവം മാറ്റിവയ്ക്കല്‍ ഭൂരിഭാഗവും നടത്തിയത് ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരെയെന്നും ഇയാളുടെ കുറ്റസമ്മത മൊഴി. എന്നാല്‍ വിശദമായ ചോദ്യം ചെയ്യല്‍ വേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും വിശദമായ അന്വേഷണം വേണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ പണം വാഗ്ദാനം നല്‍കി ചൂഷണം ചെയ്ത് എല്ലാം നിയമപരമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദേശ രാജ്യങ്ങളിലേക്ക് ഇയാള്‍ അവയവകടത്ത് നടത്തിയത്. നാമം മാത്രമായ തുക ദാതാവിന് നല്‍കി സ്വീകര്‍ത്താവില്‍ നിന്ന് പല ഇരട്ടി തുക കൈപ്പറ്റിയാണ് മാഫിയസംഘങ്ങള്‍ ലാഭം കൊയ്യുന്നത്. തത്കാലത്തേക്ക് താമസിച്ചൊഴിഞ്ഞ മേല്‍വിലാസം വഴി ഇയാള്‍ എങ്ങനെ പാസ് പോര്‍ട്ട് നേടി എന്നതും പൊലീസ് അന്വേഷിക്കുന്നു. എന്നാല്‍ രാജ്യാന്തര ബന്ധങ്ങളിലേക്ക് വഴിവയ്ക്കുന്ന കേസ് കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കണോ എന്നതിലും പരിശോധന തുടങ്ങി. കേസില്‍ പ്രാഥമിക വിവരശേഖരണം കേന്ദ്ര ഏജന്‍സികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.