കട്ടയ്ക്കോട് തോട്ടിൽ മാലിന്യമെറിയാനെത്തിയ വാഹനം പിടിച്ചെടുത്തു
*കാട്ടാക്കട* : . ജനവാസകേന്ദ്രത്തിലെ തോട്ടിൽ നിക്ഷേപിക്കാൻ മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞ് ആരോഗ്യവകുപ്പിന് കൈമാറി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു.കട്ടയ്ക്കോട് വില്ലിടുംപാറ പുല്ലുവിളാകം കണിയവിളാകം തോട്ടിലെ പാലത്തിന് സമീപം രണ്ട് ദിവസമായി നിർത്തിയിട്ടിരുന്ന മിനിലോറിയിലാണ് മാലിന്യം കണ്ടെത്തിയത്. ഡ്രൈവർ കട്ടയ്ക്കോട് വില്ലിടുംപാറ പുല്ലുവിളാകം കുരിശിങ്കൽ ഹൗസിൽ രാജനാണ് നാട്ടുകാർ എത്തിയപ്പോൾ ഓടിപ്പോയത്. തുടർന്ന് സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് കേസെടുത്ത് ഇയാളിൽ നിന്നും 50,000 രൂപ പിഴ ഈടാക്കാൻ നിർദേശിച്ചു. വാഹനം വിട്ടുനൽകാൻ 60,000 രൂപ പിഴയായി അടയ്ക്കാനും കാട്ടാക്കട പോലീസ് ആവശ്യപ്പെട്ടു. രാജന്റെ ഭാര്യ ഡി.സുബിനയുടെ പേരിലാണ് രജിസ്ട്രേഷനെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഈ വാനിൽ മാലിന്യം കൊണ്ടുവന്ന് രാജന്റെ പുരയിടത്തിലിടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇടപെട്ട് ആരോഗ്യവകുപ്പിനെ അറിയിക്കുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഈ തുക ഇതേവരെ അടച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.രണ്ടുദിവസമായി ഈ വാഹനം തോടിന് സമീപം കിടക്കുകയായിരുന്നു. വാനിൽനിന്നുള്ള ദുർഗന്ധവും, വെള്ളം ഒലിച്ചിറങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് നാട്ടുകാർ ആരോഗ്യവകുപ്പ് അധികൃതരെയും പോലീസിനെയും അറിയിച്ചത്. ഇവർ വാഹനം പരിശോധിച്ചപ്പോഴാണ് ഇറച്ചി ഉൾപ്പെടെയുള്ള അഴുകിയ മാലിന്യം കണ്ടെത്തിയത്. നഗരത്തിൽനിന്ന് കാട്ടാക്കടയിലേക്ക് അടച്ചുമൂടിയ ഈ വാഹനത്തിലാണ് മാലിന്യം എത്തിക്കുന്നത്. വഴിയിൽ പോലീസ് വാഹന പരിശോധന നടത്തുകയാണെങ്കിൽ പാൽ കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് രക്ഷപ്പെടും. കാട്ടാക്കട, വിളപ്പിൽശാല പ്രദേശത്തെ തോടുകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഇത്തരം വാഹനങ്ങളിൽ നഗരമാലിന്യം കൊണ്ടിടുന്നത് പതിവാണ്. ഈ തോടുകളൊക്കെ ചെന്ന് ചേരുന്നത് കരമനയാറിലാണ്. ചീലപ്പാറ പദ്ധതി ഉൾപ്പെടെ നിരവധി ശുദ്ധജല പദ്ധതികൾ പ്രവർത്തിക്കുന്നത് കരമനയാറിലാണ്.