സോഷ്യൽ മീഡിയയിൽ പ്രചാരണം യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ച്ബൈക്ക് തകർത്ത പത്തുപേര്‍ക്കെതിരെ കേസ്
പയ്യന്നൂര്‍: ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി കമ്പിവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും വാഹനം നശിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ പത്തുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കരിവെള്ളൂർ പെരളം പുത്തൂരിലെ ടി.പി.ജയപ്രകാശിന്റെ (49) പരാതിയിലാണ് പെരളത്തെ മനുരാജ്, മണിയറയിലെ രാജേഷ്, കൊഴുമ്മലിലെ രാധാകൃഷ്ണന്‍, സ്വാമിമുക്കിലെ ഷെബി, പുത്തൂരിലെ അനീഷ് എന്നിവര്‍ക്കും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന അഞ്ചുപേര്‍ ഉൾപ്പെടെ 10 പേർക്കെതിരെ പോലീസ് കേസെടുത്തത്.വ്യാഴാഴ്ച രാത്രി എട്ടരയോടെ സ്വാമിമുക്ക് കമ്പിമുക്കിന് സമീപമാണ് പരാതിക്കാസ്പദമായ അക്രമം. ജോലി കഴിഞ്ഞ് മോട്ടോര്‍ സൈക്കിളില്‍ വീട്ടിലേക്ക് പോവുകയായിരുന്ന പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായും അശ്ലീല ഭാഷയില്‍ ചീത്തവിളിച്ചതായും പരാതിക്കാരൻ്റെ കെ. എൽ. 86.ബി.5096 നമ്പർബൈക്ക് നശിപ്പിച്ച് 50,000 രൂപയുടെ നഷ്ടമുണ്ടാക്കിയതായും പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഭരണകക്ഷിയെപ്പറ്റി അഭിപ്രായം പ്രചരിപ്പിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നും ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന പരാതിക്കാരന്‍ പോലീസിന് നല്‍കിയ മൊഴിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.