സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഒഴിവാക്കിക്കൊണ്ട് ഊര്‍ജ്ജപ്രതിസന്ധി നേരിടാന്‍ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഒഴിവാക്കിക്കൊണ്ട് ഊര്‍ജ്ജപ്രതിസന്ധി നേരിടാന്‍ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനത്തില്‍ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും പൊതുജനങ്ങളുടെ സഹകരണത്തോടെ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമതയോടെ നടത്താനാണ് തീരുമാനം.കെ.എസ്.ഇ.ബി. സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഉപഭോക്താക്കളുടെ സഹകരണം ഉറപ്പുവരുത്താനുള്ള ചില നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കളും വന്‍കിടവ്യവസായ സ്ഥാപനങ്ങളും ഉള്‍പ്പെടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഊര്‍ജ്ജ പ്രതിസന്ധി തരണം ചെയ്യുന്നതില്‍ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള നിര്‍ദേശങ്ങളാണ് ഇവ.ഇതിന്റെ ഭാഗമായി രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയുള്ള സമയത്ത് വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെടും. ജലവിതരണത്തെ ബാധിക്കാതെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് ക്രമീകരിക്കാനും ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകള്‍ പീക്ക് സമയത്ത് പ്രവര്‍ത്തിപ്പിക്കാതിരിക്കാനും ആവശ്യപ്പെടും. വൈകുന്നേരം ഒമ്പത് മണി കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളില്‍ അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളിലെ വിളക്കുകളും പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കണം.