കേരളത്തില്‍ ജാതി സര്‍വേ ഇല്ലെന്ന സൂചന നല്‍കി ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു

Spread the love

ന്യൂഡല്‍ഹി: കേരളത്തില്‍ ജാതി സര്‍വേ ഇല്ലെന്ന സൂചന നല്‍കി ചീഫ് സെക്രട്ടറി ഡോ.വി വേണു സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും സത്യവാങ്മൂലത്തില്‍ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. അതേസമയം കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ കണ്ടെത്താന്‍ സഹായകരമല്ലെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു.മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് നല്‍കിയ കോടതി അലക്ഷ്യഹര്‍ജിയിലാണ് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സംവരണപ്പട്ടിക പരിഷ്‌കരിക്കാനുള്ള സാമൂഹിക സാമ്പത്തിക സര്‍വേ പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് സംഘടനയുടെ വാദം. ഇതിന് നല്‍കിയ മറുപടിയിലാണ് പ്രത്യേക ജാതി സര്‍വേ സംസ്ഥാനം നടത്താത്തത് സംബന്ധിച്ച് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയിരിക്കുന്നത്.കേരളത്തിലെ സാമൂഹിക, സാമ്പത്തിക സ്ഥിതി സംബന്ധിച്ച് 2011-ലെ സെന്‍സസിന്റെ ഭാഗമായി കേന്ദ്രം ഡാറ്റ ശേഖരിച്ചിരുന്നു. കേന്ദ്രം ഡാറ്റ ശേഖരിച്ച സാഹചര്യത്തില്‍ പ്രത്യേകമായി സര്‍വേ നടത്തേണ്ട എന്നായിരുന്നു കേരളത്തിന്റെ നിലപാട് എന്ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 102-ാം ഭരണഘടന ഭേദഗതിക്ക് ശേഷം സംസ്ഥാനങ്ങളില്‍ സാമൂഹികവും, വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരെ പ്രഖ്യാപിക്കാനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണ്. അക്കാര്യം സുപ്രീംകോടതി ശരിവച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്തുന്നതിന് 2022-ല്‍ കേന്ദ്ര സര്‍ക്കാരിനോട്, സാമൂഹിക സാമ്പത്തിക സ്ഥിതി സംബന്ധിച്ച് 2011-ല്‍ സെന്‍സസിന്റെ ഭാഗമായി ശേഖരിച്ച ഡാറ്റ കൈമാറാന്‍ കേരളം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേരള സംസ്ഥാന പിന്നാക്ക കമ്മീഷന്‍ ചെയര്‍മാന് കഴിഞ്ഞ വര്‍ഷം മെയില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേന്ദ്രം കൈമാറിയിരുന്നു.എന്നാല്‍ കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ട് കേരളത്തിലെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ കണ്ടെത്താന്‍ സഹായകരമല്ല. കേന്ദ്രം കൈമാറിയ റിപ്പോര്‍ട്ടില്‍ സാമൂഹിക, സാമ്പത്തിക ജാതി ഡാറ്റയില്ലെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു. ഇതുവരെയും സര്‍വേ നടത്താന്‍ തീരുമാനിച്ചിട്ടില്ലായെങ്കിലും സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ സര്‍വേയെ എതിര്‍ക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ മാതൃഭൂമിയോട് പറഞ്ഞു. കേസില്‍ ഇതുവരെയും കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ല. ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കോടതിഅലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *