റെയിൽ ഗതാഗതത്തിന് കരുത്ത് പകരാൻ : അമൃത് ഭാരത് എക്സ്പ്രസുകൾ വരുന്നു
രാജ്യത്തെ റെയിൽ ഗതാഗതത്തിന് കരുത്ത് പകരാൻ ഇനി അമൃത് ഭാരത് എക്സ്പ്രസുകളും. ചെലവ് കുറഞ്ഞ ദീർഘദൂര ട്രെയിൻ സർവീസായ അമൃത് ഭാരത് എക്സ്പ്രസ് ഈ മാസം 30-ന് ഓടിത്തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ രണ്ട് ട്രെയിനുകളാണ് സർവീസുകൾ നടത്തുക. ഡൽഹിയിൽ നിന്ന് അയോധ്യ വഴി ബീഹാറിലെ ദർഭംഗയിലേക്കാണ് ആദ്യ ട്രെയിൻ. രണ്ടാമത്തെ ട്രെയിൻ മാൾഡയിൽ നിന്ന് ബെംഗളൂരു വരെ സർവീസ് നടത്തും.അമൃത് ഭാരത് എക്സ്പ്രസ് ഒരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സർവീസാണ്. ഇതിൽ പുഷ്-പുൾ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാൽ കൂടുതൽ വേഗത്തിൽ യാത്ര ചെയ്യാൻ സാധിക്കും. നോൺ എസി സ്ലീപ്പർ കം അൺ റിസർവ്ഡ് ക്ലാസ് സർവീസായാണ് ഇത് ഓടുക. അതുകൊണ്ടുതന്നെ രാത്രികാല യാത്രയ്ക്കാണ് ഈ ട്രെയിനുകളിൽ പ്രധാനമായും പരിഗണിക്കുന്നത്.800 കിലോമീറ്ററിലധികം ദൂരമുള്ള നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് അമൃത് ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഏകദേശം 10 മണിക്കൂറിലധികം സമയ ദൈർഘ്യമുള്ള റൂട്ടുകൾ ഇതിനായി പരിഗണിക്കുന്നതാണ്. 22 എച്ച്എൽബി കോച്ചുകൾ ഉണ്ടായിരിക്കും. ഡിസംബർ 30ന് 6 വന്ദേ ഭാരത് എക്സ്പ്രസുകൾ കൂടി രാജ്യത്തിന് സമർപ്പിക്കും. ഈ വേളയിലാണ് അമൃത് ഭാരത് എക്സ്പ്രസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുക.