ശബരിമല മണ്ഡല പൂജയ്ക്കുമുന്നോടിയായി തങ്ക അങ്കി ഘോഷയാത്ര ഇന്ന്

Spread the love

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്ക്കുമുന്നോടിയായി തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ടോടെ സന്നിധാനത്തെത്തും. തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പനെ കാണാന്‍ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചത്.ഘോഷയാത്ര ഉച്ചയോടെ പമ്പയിലെത്തും. ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗിക സ്വീകരണം നല്‍കും. 6.15-ന് സന്നിധാനത്തെത്തിയശേഷം, 6.30-ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും. ബുധനാഴ്ച രാവിലെ 10.30-നും 11.30-നുമിടയ്ക്കാണ് മണ്ഡലപൂജ. 27-ന് അടയ്ക്കുന്ന നട, മകരവിളക്ക് ഉത്സവത്തിനായി 30-ന് അഞ്ചുമണിക്ക് തുറക്കും.തങ്ക അങ്കി ഘോഷയാത്ര എത്തുന്നതിനാല്‍ ഉച്ചയ്ക്ക് ഒരുമണി മുതല്‍ മലചവിട്ടുന്നതിന് നിയന്ത്രണമുണ്ടാവും. ചൊവ്വാഴ്ച രാവിലെ ആറുമണി വരെ 20,000 പേരിലധികം 18-ാം പടി ചവിട്ടി. സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയമാണെങ്കിലും ഇവിടേക്കുള്ള വഴികളില്‍ തീര്‍ഥാടകരുടെ നിര നീണ്ടുതന്നെ തുടരുകയാണ്.പമ്പ മുതല്‍ സന്നിധാനം വരെ ഭക്തരെ ഘട്ടംഘട്ടമായാണ് കടത്തിവിടുന്നത്. 15 മണിക്കൂര്‍ വരെ ദര്‍ശനത്തിനായി കാത്തിരിക്കേണ്ടിവരുന്നുണ്ട്. ദര്‍ശനം നടത്തിയ തീര്‍ഥാടകര്‍ മലയിറങ്ങാന്‍ വൈകുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.കഴിഞ്ഞ ദിവസം പ്രത്യേക സിറ്റിങ് നടത്തിയ ഹൈക്കോടതി ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കില്‍ ഡിജിപി നേരിട്ട് ഇടപെടണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *