നെയ്യാറ്റിൻകരയിൽ നടുറോട്ടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിൽ
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ നടുറോട്ടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിൽ. കാഞ്ഞിരംകുളം സ്വദേശികളായ മനോജ്, രഞ്ജിത്ത്, വിഴിഞ്ഞം സ്വദേശി അഭിജിത്ത്, വെൺപകൽ സ്വദേശി ജിബിൻ എന്നിവരാണ് പിടിയിലായത്. കേസിൽ ഒന്നാം പ്രതിയായ ജിബിൻ കഴിഞ്ഞ ആഴ്ചയാണ് പോക്‌സോ കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.ഇന്നലെ രാത്രിയാണ് നെയ്യാറ്റിൻകര കൊടങ്ങാവിള സ്വദേശി ആദിത്യൻ (23) കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. രാത്രി 7.30 ഓടെയാണ് കൊലപാതകം നടന്നത്. അമരവിളയിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് ആദിത്യൻ. കഴിഞ്ഞ ദിവസം നെല്ലിമൂട് പാട്ട്യാകാലയിലെ ജിബിനും ആദിത്യനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ജിബിൻ നാലുപേരെ കൂട്ടി കൊടുങ്ങാവിള ജങ്ഷനിൽവച്ച് ആദിത്യനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായൺ IPS ന് ലഭ്യമായ രഹസ്യ വിവരത്തെ തുടർന്ന് നെയ്യാറ്റിൻകര പോലീസ് സബ്ലിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് S അമ്മിണിക്കുട്ടൻ, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ AC,. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ വിപിൻ കുമാർ S, അസിസ്റ്റൻറ് പോലീസ് സബ് ഇൻസ്പെക്ടർ സരിത VM സീനിയർ സിവിൽ പോലീസ് ഓഫീസർ ലിബു,എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘം തമിഴ്നാട് സംസ്ഥാനത്തിലെ തിരുനെൽവേലി ഭാഗത്തുനിന്നും നാഗർകോവിൽ ഭാഗത്തേക്ക് കാറിൽ സഞ്ചരിച്ചു വരവേ പ്രതികളെ കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു . നിലവിൽ പ്രതികളെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചു വരുന്നു.