റേഷൻ കടയിൽ മസ്റ്ററിംഗ് നടന്നില്ല: ബിയർക്കുപ്പി കൊണ്ട് ജീവനക്കാരന്റെ തലയ്ക്കടിച്ച് യുവാവ്
ആലപ്പുഴ: ബിയർകുപ്പി കൊണ്ട് റേഷൻ വ്യാപാരിയുടെ തലക്കടിച്ച് യുവാവ്, റേഷൻ കടയിൽ മസ്റ്ററിംഗ് നടക്കാത്തതിൽ പ്രകോപിതനായാണ് ഇയാൾ ജീവനക്കാരന്റെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ചത്. കുട്ടമ്പേരൂർ സ്വദേശി സനലാണ് ഇത്തരമൊരു അതിക്രമം നടത്തിയത്. മാന്നാർ കുട്ടമ്പേരൂരിലാണ് സംഭവം. എആർഡി 59-ാം നമ്പർ റേഷൻകടയിലെ ജീവനക്കാരൻ വലിയകുളങ്ങര സ്വദേശിയായ ശശിധരന്റെ തലയ്ക്കാണ് അടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സനലിനെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ മുതൽ മസ്റ്ററിംഗ് ആരംഭിച്ചെങ്കിലും സെർവർ തടസം നേരിട്ടിരുന്നു. നാലുമണിക്ക് ശേഷം ഏതാനും മഞ്ഞക്കാർഡുകാരുടെ മസ്റ്ററിംഗ് നടന്നു കൊണ്ടിരുന്നപ്പോഴാണ് പിങ്ക് കാർഡുമായി എത്തിയ സനൽ മസ്റ്ററിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടത്. അടുത്ത ദിവസം വരാൻ ആവശ്യപ്പെട്ട് ശശിധരൻ നലിനെ മടക്കി അയച്ചു. ഇതിൽ പ്രകോപിതനായ ഇയാൾ പുറത്തു പോയ ശേഷം മദ്യപിച്ച് തിരികെ എത്തി കൈയിലുണ്ടായിരുന്ന മദ്യക്കുപ്പികൊണ്ട് ശശിധരന്റെ തലയ്ക്കടിക്കുകയായിരുന്നു.തലയ്ക്കടിയേറ്റതിനെ തുടർന്ന് പരിക്കേറ്റ ശശിധരൻ പരുമല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി. അതേസമയം, സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്തെ റേഷൻ മസ്റ്ററിംഗ് പൂർണ്ണമായും നിർത്തിവെച്ചു. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. റേഷൻ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിന് എൻഐസിയ്ക്കും ഐടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ സംസ്ഥാനത്തെ റേഷൻ മസ്റ്ററിംഗ് നിർത്തി വെയ്ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി എൻഐസിയും ഐടി മിഷനും അറിയിച്ചതിന് ശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കുകയുള്ളൂ. എല്ലാ മുൻഗണനാ കാർഡ് അംഗങ്ങൾക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, റേഷൻവിതരണം എല്ലാ കാർഡുകൾക്കും സാധാരണനിലയിൽ നടക്കുന്നതാണ്.