സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചു : സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടി
തിരുവനന്തപുരം: സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടി. 13 ഇന സബ്സിഡി സാധനങ്ങള്‍ക്ക് ലഭിച്ചിരുന്ന 55 ശതമാനം സബ്സിഡിയാണ് 35 ശതമാനമാക്കി കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫ് പ്രകടപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു അടുത്ത അഞ്ചു വര്‍ഷത്തേക്ക് വിലകൂട്ടില്ല എന്നത്. സര്‍ക്കാര്‍ നേട്ട പട്ടികയില്‍ സപ്ലൈകോ വില വര്‍ധിപ്പിക്കാത്തതും ഇടംപിടിച്ചിരുന്നു. 2016 മുതല്‍ സപ്ലൈകോയില്‍ 13 സബ്‌സിഡി സാധനങ്ങള്‍ക്ക് ഒരേ വിലയായിരുന്നു. ഒരു രൂപ പോലും വില കൂട്ടാത്തത് സര്‍ക്കാര്‍ വലിയ നേട്ടമായി ഉയര്‍ത്തിക്കാണിച്ചിരുന്നു.കടത്തില്‍ നിന്നും കടത്തിലേക്ക് മുങ്ങിയ സാഹചര്യത്തില്‍ സാധനങ്ങളുടെ വില കൂട്ടുക, അല്ലെങ്കില്‍ കുടിശ്ശിക നല്‍കുക എന്നതായിരുന്നു സപ്ലൈകോ മുന്നോട്ടുവെച്ച ആവശ്യം. ഇതില്‍ വില കൂട്ടുക എന്ന ആവശ്യത്തിന് എല്‍ഡിഎഫ് കൈകൊടുക്കുകയായിരുന്നു. നവംബറില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗം വിലവര്‍ധിപ്പിക്കാന്‍ രാഷ്ട്രീയ തീരുമാനമെടുത്തു. പിന്നീട് വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതി നല്‍കിയ ശുപാര്‍ശ സര്‍ക്കാരിന് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള വില വര്‍ധവ്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് വില വര്‍ധിപ്പിക്കില്ലെന്നായിരുന്നു 2016 ല്‍ എല്‍ഡിഎഫ് പ്രകടപത്രികയിലെ വാഗ്ദാനം. സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ പൂര്‍ണമായും ലഭിച്ചില്ലെങ്കിലും ഉള്ള സാധനം വിപണി വിലയേക്കാള്‍ കുറച്ച് ലഭിച്ചത് സാധാരണക്കാര്‍ വലിയ ആശ്വാസമായിരുന്നു. ഇതാണ് പുതിയ തീരുമാനത്തോടെ ഇല്ലാതാകുന്നത്.