അവര്‍ക്ക് ആരെങ്കിലും കാര്യങ്ങള്‍ പറഞ്ഞു കൊടുക്കൂ…ഉമ തോമസിനെ മന്ത്രി സജി ചെറിയാന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം ഇട്ട എഫ്ബി പോസ്റ്റ് പങ്കുവച്ച് മുന്‍ എംഎല്‍എ ആര്‍ രാജേഷ്
അന്ന് അവര്‍ അബോധാവസ്ഥയിലായിരുന്നു.. ഇപ്പോള്‍ കാര്യങ്ങള്‍ അവര്‍ക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കണം..ഒന്നും ഓര്‍മ്മ ഉണ്ടാകില്ല. മന്ത്രി സജി ചെറിയാനെതിരായ ഉമാ തോമസിന്റെ പരാമര്‍ശത്തില്‍ വിമര്‍ശിച്ച് മുന്‍ മാവേലിക്കര എംഎല്‍എ ആര്‍ രാജേഷ്.തന്റെ എഫ് ബി പോസ്റ്റിലാണ് അദ്ദേഹം മന്ത്രി സജി ചെറിയാന്‍ ഉമാ തോമസിനെ ആശുപത്രി സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് പങ്കുവച്ച് കൊണ്ട് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ഉമാ തോമസ് മറ്റൊരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അപകടത്തിനുശേഷമുണ്ടായ സമീപനം സംസ്‌കാരികമന്ത്രിക്ക് സംസ്‌കാരമുണ്ടോ എന്ന സംശയമുണ്ടാക്കി എന്ന് പറഞ്ഞത് .തനിക്ക് എന്തു സംഭവിച്ചുവെന്ന് അന്വേഷിക്കാന്‍ പോലും മന്ത്രിയുള്‍പ്പെടെയുള്ളവര്‍ തയാറായില്ലെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ പരിപാടി കഴിഞ്ഞ ഉടനെ തന്നെ താന്‍ ആശുപത്രിയിലെത്തുകയായിരുന്നു എന്നും ഡോക്ടര്‍മാരുമായി സംസാരിക്കുകയും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അവിടെ കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട് എന്നും മന്ത്രി തന്റെ എഫ് ബി പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
അപകടത്തിനുശേഷം മൂന്നുതവണ എം.എല്‍.എയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചുവെന്നും എന്തുകൊണ്ടാണ് ഉമ ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും ഉമാ തോമസിന്റെ ഈ വിമര്‍ശനത്തെ തള്ളിക്കൊണ്ട് മന്ത്രി പറഞ്ഞു.
അതേസമയം ഉമാ തോമസിന്റെ മന്ത്രിക്കും സര്‍ക്കാരിനും എതിരായ ഈ പരാമര്‍ശത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയരുകയാണ്.