നഗരമധ്യത്തിൽ 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കോട്ടയം: നഗരമധ്യത്തിൽ 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കാരാപ്പുഴ പുന്നാംപറമ്പിൽ ഗോകുലിനെ (25)യാണ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.ഇന്നലെ രാത്രി എട്ടോടെ നഗരത്തിൽ അനശ്വര തീയേറ്ററിനു സമീപത്തുനിന്നുമാണ് ഇയാൾ അറസ്റ്റിലായത്. കോട്ടയത്ത് മാസങ്ങൾക്കു മുൻപ് എംഡിഎംഎ എത്തിച്ച കേസിലെ പ്രതിയായ സുന്ദറിന്റെ സുഹൃത്താണ് ഇയാൾ. ഇരുവരും തമ്മിൽ കച്ചവടം നടത്തിയിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു. മുമ്പും ഇയാൾ ലഹരി കേസിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. വെസ്റ്റ് എസ്ഐ കെ.ആർ. പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് ലഹരിവിരുദ്ധ സ്ക്വാഡ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.