ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു
ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം 8 പേരെയും വിട്ടയച്ചു. ഇവരിൽ ഏഴു പേരും നാട്ടിലേക്ക് മടങ്ങി.ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് ഖത്തറിലെ ജയിലിൽ കഴിഞ്ഞിരുന്നത്. ഖത്തർ അമിർ 8 പേരെയും വിട്ടയക്കാനുള്ള ഉത്തരവ് നല്കുകയായിരുന്നു.നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി തടവുശിക്ഷ കോടതി നല്കിയിരുന്നു. ഖത്തർ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഏഴ് പേർ ഇന്ത്യയിലേക്ക് തിരിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെ വാർത്താകുറിപ്പിലൂടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 2023 ഒക്ടോബറിലാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്.