എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടില്ല’, മാത്യു കുഴല്‍നാടന് പിന്തുണയുമായി ഭൂമി വിറ്റയാള്‍

Spread the love

കൊല്ലം : മാത്യു കുഴല്‍നാടന്‍ എം എല്‍ എ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് ചിന്നക്കനാലിലെ റിസോര്‍ട്ടും ഭൂമിയും എം എല്‍ എയ്ക്ക് വിറ്റ കൊല്ലം ശക്തികുളങ്ങര സ്വദേശി പീറ്റര്‍ ഓസ്റ്റിന്‍. എം എല്‍ എയ്ക്ക് കൈമാറിയ ഭൂമിയില്‍ വിവാദമായ 50 സെന്റില്ല. കെട്ടിട നമ്പര്‍ ഇല്ലാത്തതുകൊണ്ടാണ് 1000 ചതുരശ്ര അടിയുടെ കെട്ടിടം രേഖകളില്‍ കാണിക്കാതിരുന്നതെന്നും പീറ്റര്‍ ഓസ്റ്റിന്‍ പറഞ്ഞു. മാത്യു കുഴല്‍നാടന്‍ ഭൂമി കയ്യേറുകയോ മതില്‍ കെട്ടുകയോ ചെയ്തിട്ടില്ലെന്നും വാര്‍ത്ത വന്നപ്പോഴാണ് ഇക്കാര്യം ശ്രദ്ധിക്കുന്നതെന്നും മാത്യു റീറ്റെയ്‌നിങ് വാള്‍ കെട്ടുക മാത്രമാണ് ചെയ്തതെന്നും പീറ്റര്‍ ഓസ്റ്റിന്‍ പറയുന്നുപീറ്ററിന്റെ ഭാര്യയുടെ അമ്മയുടെ പേരിലുള്ള 4000 ചതുരശ്ര അടിയുള്ള റിസോര്‍ട്ടും അച്ഛന്റെ പേരിലുണ്ടായിരുന്ന സ്ഥലവും കെട്ടിടങ്ങളുമാണ് 2021 ല്‍ മാത്യു കുഴല്‍നാടന് വിറ്റത്. ന്യായവിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്കായിരുന്നു ഒരു ഏക്കര്‍ 20 സെന്റ് ഭൂമി ഉള്‍പ്പെടെ വിറ്റത്.‘2.15 കോടി രൂപയ്ക്കാണ് ഇടപാട് നടത്തിയത്’. 1000 ചതുരശ്ര അടിയുള്ള കെട്ടിടത്തിന്റെ വിവരം മറച്ചുവച്ച് നികുതി വെട്ടിച്ചെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിയല്ലെന്ന് പീറ്റര്‍ ഓസ്റ്റിന്‍ പറയുന്നു. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാത്ത കെട്ടിടമാണ്. നമ്പര്‍ കിട്ടിയിട്ടില്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കെട്ടിടമാണ്. അതുകൊണ്ട് കാണിച്ചില്ലെന്നാണ് പീറ്റര്‍ ഓസ്റ്റിന്റെ വാദം.മാത്യു കുഴല്‍നാടന്റെ ദീര്‍ഘകാലമായുള്ള സുഹൃത്താണ് പീറ്റര്‍. പരാതിയില്‍ രണ്ടു തവണയാണ് പീറ്ററിനേയും ഭാര്യയുടെ അമ്മ ജെന്നിഫറിനേയും വിജിലന്‍സ് ചോദ്യം ചെയ്തത്. ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് സ്ഥലം അളക്കുക കൂടി ചെയ്യാതെ രജിസ്‌ട്രേഷന്‍ നടത്തിയതെന്നും കപ്പിത്താന്‍സ് ഗ്രൂപ്പ് ഡയറക്ടറുമായ പീറ്റര്‍ ഓസ്റ്റിന്‍ പറയുന്നു.അതേ സമയം, മാത്യു കുഴല്‍നാടന്റെ കൈവശം ചിന്നക്കനാല്‍ വില്ലേജിലുള്ള 50 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാനുളള നടപടികള്‍ റവന്യൂ വകുപ്പ് വേഗത്തിലാക്കി. ആധാരത്തില്‍ ഉള്ളതിനേക്കാള്‍ അധികം ഭൂമിയുണ്ടെന്ന് അറിഞ്ഞ് തന്നെയാണ് മാത്യു കുഴല്‍നാടന്‍ ഈ ഭൂമി വാങ്ങിയതെന്നാണ് വിജിലന്‍സിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളുമായി വിജിലന്‍സ് മുന്നോട്ട് പോകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *