2024-25 സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ്ണ ബഡ്ജറ്റ് ഇന്ന്
തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ്ണ ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കും. ധനമന്ത്രി കെ.എൽ ബാലഗോപാൽ ആണ് ബഡ്ജറ്റ് അവതരണം നടത്തുക. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റതിന് ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ്ണ ബഡ്ജറ്റ് കൂടിയാണിത്. സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇക്കുറിയുള്ള ബഡ്ജറ്റ് അവതരണം. അതുകൊണ്ടുതന്നെ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും അധിക വരുമാനത്തിന് എന്ത് വഴി എന്നതും ബഡ്ജറ്റ് ഉറ്റുനോക്കുന്നുണ്ട്.ഇന്ന് രാവിലെ 9 മണി മുതലാണ് ബഡ്ജറ്റ് പ്രസംഗം ആരംഭിക്കുക. നാളെ മുതൽ പതിനൊന്നാം തീയതി വരെ സഭ ചേരുകയില്ല. തുടർന്ന് 12 മുതൽ 15 വരെ ബഡ്ജറ്റ് ചർച്ച സംഘടിപ്പിക്കുന്നതാണ്. സ്വകാര്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്ന അടക്കമുള്ള നടപടികൾ ഇത്തവണയും ഉണ്ടായിരിക്കുമെന്നാണ് സൂചന. കൂടാതെ, ക്ഷേമപെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളിൽ കുറഞ്ഞ തോതിലെങ്കിലും ബഡ്ജറ്റിൽ പരിഹാരം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഇക്കുറി നടക്കുന്ന ബഡ്ജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി അറിയിച്ചിരുന്നു.