അതിവേഗം അന്വേഷണത്തിലേക്ക് കടക്കാന്‍ എസ്എഫ്‌ഐഒ; വീണ വിജയനെ കുരുക്കുമുറുക്കാൻ സർക്കാരിന് മേൽ കടുത്ത സമ്മർദ്ദം

Spread the love

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് അഫേയേഴ്‌സ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ പരിധിയിലേക്ക് എത്തുമ്പോള്‍ വീണ വിജയനും സിഎംആര്‍എല്ലിനും കെഎസ്‌ഐഡിസിക്കും കുരുക്കുകളേറെയാണ്. അന്വേഷണം ഏറ്റെടുക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അതിവേഗം പരിശോധനയിലേക്കും വിളിച്ചുവരുത്തിയുളള ചോദ്യം ചെയ്യലിലേക്കും കടക്കാന്‍ സാധ്യതയുണ്ട്. ഗുരുതരമായ കുറ്റകൃത്യമെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം.കമ്പനീസ് ആക്ട് 212 എ ആന്‍ഡ് സി ചട്ടം ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിലവിലെ അന്വേഷണം. ഇതാണ് എസ്എഫ്‌ഐഒയ്ക്ക് കൈമാറിയത്. പൊതുതാല്‍പര്യാര്‍ത്ഥവും, പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം. ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ബെംഗളൂരു ആര്‍ഒസിയും എറണാകുളം ആര്‍ഒസിയും എക്‌സാലോജിക്ക്-സിഎംആര്‍എല്‍ ഇടപാടില്‍ ഗുരുതരമായ ചട്ടലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ പോലും കമ്പനികള്‍ക്ക് സാധിച്ചില്ലെന്നാണ് വിവരം. കെഎസ്‌ഐഡിസി നല്‍കിയതും അവ്യക്തമായ മറുപടിയാണ്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഗുരുതര കുറ്റകൃത്യം കണ്ടെത്തിയതിനാല്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസാണ് കേസ് അന്വേഷിക്കേണ്ടത് എന്ന് അഭിപ്രായമുയര്‍ന്നിരുന്നു. ഈ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാനായ ഷോണ്‍ ജോര്‍ജ്ജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഹൈക്കോടതി ഈ ഉപഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോര്‍പ്പറേറ്റ് അഫേയേഴ്‌സ് മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ പ്രാഥമികമായി തന്നെ കണ്ടെത്തിയതിനാല്‍ സിബിഐക്കും കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിക്കും കേസ് അന്വേഷിക്കാമെന്നും ആര്‍ഒസി പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. ഇതും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം മുന്നില്‍ കണ്ടിട്ടുണ്ട്.കമ്പനികാര്യ ഇടപാടുകളിലെ ഗുരുതര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എസ്എഫ്‌ഐഒയിലേക്ക് കേസെത്തുമ്പോള്‍ കേസിന് കൂടുതല്‍ ഗൗരവം കൈവരും. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോ സര്‍വീസിലെ ആറ് ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. ആദ്യഘട്ടത്തില്‍ മൂന്ന് കമ്പനികളില്‍ നിന്നും എസ്എഫ്‌ഐഒ വിവാദ ഇടപാട് സംബന്ധിച്ച വിശദാംശങ്ങള്‍ തേടിയേക്കാം. അല്ലെങ്കില്‍ നേരിട്ട് പരിശോധന നടത്താനോ, കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്താനോ ഉള്ള സാധ്യതയുമുണ്ട്. അന്വേഷണത്തില്‍ കുറ്റകൃത്യം തെളിഞ്ഞാന്‍ അറസ്റ്റിനും പ്രോസിക്യൂഷനും അടക്കം അധികാരമുള്ള ഏജന്‍സിയാണ് എസ്എഫ്‌ഐഒ.

Leave a Reply

Your email address will not be published. Required fields are marked *