കൊച്ചിയിലെ അഞ്ച് ‘ഹാജി അലി’ ഔട്ട്‌ലെറ്റുകളില്‍ റിസീവറുടെ നടപടി

Spread the love

കൊച്ചി: ലൈസന്‍സ് തര്‍ക്കത്തില്‍പ്പെട്ട് രാജ്യത്തെ പ്രമുഖ ജ്യൂസ് വില്‍പന ബ്രാന്‍ഡായ ഹാജി അലി ജ്യൂസ് സെന്ററിന്റെ കൊച്ചിയിലെ ഔട്ട്‌ലെറ്റുകള്‍. നഗരത്തിലും പരിസരത്തുമുളള അഞ്ച് ഫ്രാഞ്ചൈസി ഔട്ട് ലെറ്റുകളിലെ പാത്രങ്ങള്‍ ഉള്‍പ്പെടെ മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം റിസീവര്‍ കണ്ടുകെട്ടി. ഹാജി അലി ഗ്രൂപ്പിന്റെ ട്രേഡ് മാര്‍ക്ക് ലൈസന്‍സ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ തുടര്‍ച്ചയായിട്ടായിരുന്നു നടപടി.പാത്രം മുതല്‍ നെയിം ബോര്‍ഡ് വരെ, ഹാജി അലി ഗ്രൂപ്പിന്റെ പേരു പതിച്ചതെല്ലാം അഭിഭാഷക സംഘം പെട്ടിയിലാക്കി. പനമ്പിള്ളി നഗര്‍, ഇടപ്പളളി, കോതമംഗലം, ആലുവ, കാക്കനാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാജി അലിയുടെ ഔട്ട് ലെറ്റുകളിലായിരുന്നു മുംബൈ ഹൈക്കോടതി നിയോഗിച്ച റിസീവറിന്റെയും സംഘത്തിന്റെയും നടപടി.കൊച്ചി സ്വദേശിയായ വിനോദ് നായര്‍ക്കായിരുന്നു ഹാജി അലി ഗ്രൂപ്പിന്റെ ഫ്രാഞ്ചൈസി അനുവദിച്ചത്. എന്നാല്‍ ഒരു ഫ്രാഞ്ചൈസിക്കുളള ലൈസന്‍സ് ഉപയോഗിച്ച് അനുമതിയില്ലാതെ അഞ്ചിടത്ത് ജ്യൂസ് പാര്‍ലറുകള്‍ തുടങ്ങിയതോടെയാണ് നടപടിക്ക് നിര്‍ബന്ധിതരായതെന്നാണ് ഹാജി അലി ഗ്രൂപ്പിന്റെ വാദം.മുംബൈ ഹൈക്കോടതി നിയോഗിച്ച റിസീവര്‍ അഡ്വക്കേറ്റ് സ്‌മേര സെബാസ്റ്റ്യന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍. അതേസമയം ഹാജി അലി ഗ്രൂപ്പും ചെന്നൈ ആസ്ഥാനമായ മാസ്റ്റര്‍ ഫ്രാഞ്ചൈസിയും തമ്മിലുളള തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഫ്രാഞ്ചൈസി ഉടമയായ വിനോദ് നായര്‍ പ്രതികരിച്ചു. കോടതിയെ കാര്യങ്ങള്‍ ബോധിപ്പിച്ച് പ്രശ്‌ന പരിഹാരത്തിനുളള ശ്രമങ്ങള്‍ തുടരുകയാണെന്നും വിനോദ് നായര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *