ദുബായില്‍ തൊഴിലാളികളുടെ മാരത്തോണ്‍; പങ്കെടുത്തത് വിവിധ രാജ്യക്കാര്‍

Spread the love

ദുബായില്‍ ആയിരത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ചുള്ള മാരത്തോണ്‍ സംഘടിപ്പിച്ചു. വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, സാമൂഹിക അവബോധം വളര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് മാരത്തോണ്‍ സംഘടിപ്പിച്ചത്. ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സാണ് വിവിധ സ്ട്രാറ്റജിക് പാട്ണര്‍മാരുടെ സഹകരണത്തോടെ മാരത്തോണ്‍ സംഘടിച്ചത്.

ദുബായ് സ്‌പോര്‍ട്ട് കൗണ്‍സില്‍, തഖ്തീര്‍ അവാര്‍ഡ്,ആസ്റ്റര്‍ ഹോസ്പിറ്റല്‍, എംകാന്‍ തുടങ്ങിയവരുടെ പിന്തുണയോടെ, മുഹൈസിനയില്‍ നടന്ന പരിപാടിയില്‍ ആയിരത്തിലധികം സ്ത്രീ-പുരുഷ തൊഴിലാളികള്‍ പങ്കെടുത്തു.ദുബായ് ഫിറ്റ്‌നസ് 30*30 ചലഞ്ചിന്റെയും ആറാമത് ലേബര്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിന്റെയും ഭാഗം കൂടിയായിരുന്നു ഇവന്റ്.

പരിപാടിയില്‍ ദുബായ് ജിഡിആര്‍എഫ്എ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍, മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂറും മറ്റു ദുബായിലെ ഉന്നത ഉദ്യോഗസ്ഥരും മാരത്തോണില്‍ പങ്കെടുത്തത് തൊഴിലാളികള്‍ക്ക് ആവേശം പകര്‍ന്നു. ക്ഷേമവും സാമൂഹിക ഇടപെടലും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉപാധിയെന്ന നിലയില്‍ ശാരീരിക ആരോഗ്യത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതായിരുന്നു സംരംഭം.

തിരക്കേറിയ നഗരത്തില്‍ ആരോഗ്യത്തിനും ശാരീരിക ക്ഷമതക്കും മുന്‍ഗണന നല്‍കാനുള്ള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമാണ് ഇത്തരത്തിലുള്ള പരിപാടിയെന്ന് മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. വിജയികളായ തൊഴിലാളികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ വിതരണം ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *