ബാങ്ക് അക്കൗണ്ടുകൾ വാടകക്കെടുത്ത് തട്ടിപ്പ്, 10 ദിവസം കൊണ്ട് മറിഞ്ഞത് അഞ്ചരക്കോടി

Spread the love

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകൾ വാടകക്കെടുത്ത് സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവം. തട്ടിപ്പ് സംഘവുമായി സഹകരിച്ച 22 അക്കൗണ്ടുകളെ കുറിച്ച് പൊലീസ് സമഗ്ര അന്വേഷണം തുടങ്ങി. വിദേശത്തു നിന്നാണ് തട്ടിപ്പ് സംഘം ഈ അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നത്. ഇങ്ങിനെ തട്ടിപ്പ് നടന്ന ഒരു അക്കൗണ്ടിലൂടെ മാത്രം പത്ത് ദിവസം കൊണ്ട് മറിഞ്ഞത് അഞ്ചരക്കോടിയാണ്. ഈ അക്കൗണ്ട് ഉടമ മുഹമ്മദ് സോജിൻ ഇപ്പോൾ അറസ്റ്റിലാണ്. ആളുകളുടെ ബാങ്ക് അക്കൗണ്ട് വാടകക്കെടുത്ത് വൻതുക തട്ടുന്നു, അക്കൗണ്ടിലെ പണം ഉടനടി വിദേശത്ത് നിന്നും പിൻവലിക്കുന്നു. ഇതാണ് തട്ടിപ്പിന്റെ പുതിയ രീതി. ഓൺലൈൻ സംഘത്തിന്റെ തട്ടിപ്പിലൂടെ നാലര ലക്ഷം രൂപ നഷ്ടമായ മണക്കാടുള്ള ഒരു വീട്ടമ്മയുടെ പരാതിയിലെ അന്വേഷണമാണ് നിർണ്ണായകമായത്. ജോലി വാഗ്ദാനം ചെയ്ത് ഇവരിൽ നിന്ന് സംഘം തട്ടിയ പണം ആദ്യം പോയത് മുംബൈയിലെ ഒരു അക്കൗണ്ടിലേക്കാണ്. അവിടെ നിന്നും മലപ്പുറത്തെ ഒരു സ്വകാര്യ ബാങ്കിന്റെ അക്കൗണ്ടിലേക്ക്. ഈ അക്കൗണ്ടിന്റെ ഉടമ മുഹമ്മദ് സോജിനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വഴികൾ മറനീക്കുന്നത്. അക്കൗണ്ടിന്റെ പാസ് ബുക്കും അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺനമ്പറിന്റെ സിം കാർഡും ജുനൈസ് എന്നയാൾക്ക് കൈമാറിയെന്നാണ് സോജിൻ നൽകിയ മൊഴി.സോജിന്റെ മൊഴിയനുസരിച്ച് മലപ്പുറം സ്വദേശിയായ ജുനൈസിനെ പൊലീസ് പിടികൂടി. സോജിൻ വിറ്റ അക്കൗണ്ട് വിവരങ്ങൾ ദുബായിലെ ഒരു സംഘത്തിന് കൈമാറിയെന്നാണ് ജുനൈസ് നൽകിയ മൊഴി. സെപ്തംബ‍ർ അവസാനം ദുബായ് സംഘത്തിന് വിവരങ്ങൾ കൈമാറി. പലയാളുകളിൽ നിന്നായി തട്ടിയെടുക്കുന്ന പണം, വാടകയ്ക്ക് എടുത്ത ഈ അക്കൗണ്ടിലേക്ക് മാറ്റും. ദുബായിൽ നിന്ന് ഈ അക്കൗണ്ടിലെ പണം ഉടനടി പിൻവലിക്കുകയോ വിദേശത്തെ ക്രിപ്റ്റോ അക്കൗണ്ടിലേക്ക് മാറ്റുകയോ ചെയ്യും. ഒക്ടോബർ ഒന്നു മുതൽ 10 ദിവസം കൊണ്ട് അഞ്ചരക്കോടിയാണ് തട്ടിപ്പ് സംഘം വാടകയ്ക്കെടുത്ത അക്കൗണ്ട് വഴി ഒഴുകിയത്. ഓരോ ആഴ്ചയും 25,000 രൂപ വീതമായിരുന്നു സോജിന്റെ പ്രതിഫലം. ഇങ്ങനെ തട്ടിപ്പ് പണം കൈമാറ്റം ചെയ്ത 22 അക്കൗണ്ടുകളാണ് സൈബർ ഓപ്പറേഷൻ ഡിവിഷൻ കണ്ടെത്തിയത്. മിക്കവയും കോഴിക്കോട്, മലപ്പുറം കേന്ദ്രീകരിച്ചുള്ളവയാണ്. നേരത്തെ, തട്ടിയെടുത്ത പണം പല അക്കൗണ്ടുകളിലേക്ക് മാറ്റി പിൻവലിക്കുന്നതായിരുന്ന രീതി. സൈബർ പൊലീസ് അക്കൗണ്ടുകൾ മരവിപ്പിച്ച് തുടങ്ങിയതോടെയാണ് ശൈലി മാറ്റിയത്. സ്ത്രീകളും വിദ്യാർത്ഥികളും ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകളാണ് സംഘം ഉപയോഗിക്കുന്നത്.വാടകയ്ക്കെടുക്കുന്ന അക്കൗണ്ടുകളുടെ യഥാർത്ഥ ഉടമകൾക്ക് പ്രതിഫലം നൽകും. ഭീഷണിപ്പെടുത്തിയും അക്കൗണ്ട് വിവരങ്ങൾതട്ടിയെടുക്കുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *