ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള അപ്രതീക്ഷിത നീക്കവുമായി ജെഡി-യു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ
ബിഹാറിൽ ആർജെഡിയും കോൺഗ്രസും ഇടതുപാർട്ടികളും ചേർന്ന മഹാസഖ്യത്തെ പിരിച്ചുവിട്ട് ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള അപ്രതീക്ഷിത നീക്കവുമായി ജെഡി-യു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. എൻഡിഎക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാനും മുഖ്യമന്ത്രിക്കസേരയിൽ തുടരുകയുമാണ് ഇതിലൂടെ നിതീഷ് കുമാർ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം തനിക്ക് നൽകണമെന്നും രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് നൽകാമെന്നുമുള്ള നയം നിതീഷ് കുമാർ എൻഡിഎ അറിയിച്ചതായാണ് വിവരം.രാഷ്ട്രീയനീക്കുപോക്ക് അരങ്ങിൽ സജീവമായതിനു പിന്നാലെ ഞായറാഴ്ച വരെയുള്ള പൊതുപരിപാടികൾ നിതീഷ് കുമാർ റദ്ദാക്കി. എൻഡിഎയുമായി നീക്കുപോക്കിലെത്തിയ ശേഷം മഹാസഖ്യ സര്ക്കാര് പിരിച്ചുവിടാനുള്ള ഒരുക്കത്തിലാണ് നിതീഷ് കുമാർ എന്നാണ് വിവരം. മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദിയെയും പാർട്ടി സംസ്ഥാന അധ്യക്ഷനെയും ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചത് ബിഹാറിലെ രാഷ്ട്രീയ നാടകത്തിന്റെ ആക്കംകൂട്ടിയിട്ടുണ്ട്.ലോക്സഭാ തിരഞ്ഞെുപ്പിന് മുമ്പ് ആർജെഡി നേതാവ് തേജസ്വി യാദവിന് മുഖ്യമന്ത്രിപദം നൽകണമെന്ന് സഖ്യത്തിൽ നേരത്തേ ധാരണയുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രിപദം ഒഴിയാൻ താൽപര്യമില്ലാത്ത നിതീഷ് കുമാർ എൻഡിഎയുമായി സഖ്യം ചേർന്ന് അധികാരക്കസേര ഉറപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തിവരുന്നത്.