ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പത്താം നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും

Spread the love

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടങ്ങും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രസംഗം മുഴുവന്‍ വായിക്കുമോ എന്നതാണ് ആകാംക്ഷ. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്. വിവിധ വിഷയങ്ങളിലെ സര്‍ക്കാര്‍, പ്രതിപക്ഷ പോരിന് ഇനി സഭാതലം വേദിയാകും.മാര്‍ച്ച് 27 വരെ നീളുന്ന ദീര്‍ഘമായ സമ്മേളനത്തിനാണ് പുതുവര്‍ഷത്തില്‍ തുടക്കമാകുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ വിശദീകരണം പോലും ചോദിക്കാതെ ഗവര്‍ണ്ണര്‍ ഒപ്പിട്ടതോടെ ആദ്യ കടമ്പ കടന്നതിന്റെ ആശ്വാസത്തിലാണ് സര്‍ക്കാര്‍. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലടക്കം കേന്ദ്രത്തിനെതിരായ വിമര്‍ശനം പ്രസംഗത്തിലുണ്ടാകും. ഇതെല്ലാം ഗവര്‍ണ്ണര്‍ വായിക്കുമോ എന്ന് വ്യക്തമല്ല. ഭരണപക്ഷം തെരുവില്‍ നേരിടുമ്പോഴാണ് ഗവര്‍ണ്ണര്‍ സര്‍ക്കാറിന്റെ നയം പറയാനെത്തുന്നത്. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഗവര്‍ണ്ണറോടുള്ള സമീപനം പ്രധാനമാണ്.ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള മൂന്ന് ബില്ലുകള്‍ അടക്കം ആകെ എട്ട് ബില്ലുകളാണ് പരിഗണിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധത്തിലെ സര്‍ക്കാര്‍-പ്രതിപക്ഷ പോരാണ് സഭക്ക് പുറത്ത് ഇതുവരെ കണ്ടത്. ഇനി അങ്കം അകത്താണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആര്‍ഒസി കണ്ടെത്തലുകള്‍, അന്വേഷണം, സാമ്പത്തിക പ്രതിസന്ധി, നവകേരള സദസ്സിനെ ചൊല്ലിയുള്ള വിവാദങ്ങള്‍, പ്രതിപക്ഷ സമരങ്ങളോടുള്ള പൊലീസ് നടപടി അടക്കം പ്രതിപക്ഷം ആയുധമാക്കും. എക്‌സാലോജികിനെതിരായ പുതിയ കണ്ടെത്തലുകളില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം സഭക്കുള്ളിലാകും. ദില്ലി സമരത്തില്‍ നിന്നും പ്രതിപക്ഷം വിട്ടുനിന്നതാകും ഭരണപക്ഷത്തിന്റെ പ്രധാന തുറുപ്പ് ചീട്ട്.

Leave a Reply

Your email address will not be published. Required fields are marked *