നാലായിരം കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
കൊച്ചിൻ ഷിപ്പ് യാർഡിൽ നാലായിരം കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം, ഡ്രൈ ഡോക്ക് എന്നിവയും ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനലുമടക്കം പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഭാഗമാകാൻ സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠക്ക് മുന്നോടിയായി തൃപയാർ രാമക്ഷേത്രത്തിൽ ദർശനം നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. രാജ്യത്തിന്റെ സമുദ്രമേഖലയുടെ വികസനത്തിനാണ് ശ്രമിക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികൾ ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകും. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു4000 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. രാജ്യത്തിന്റെ പൊതുവായ വികസനത്തിന്റെ ഭാഗമായി കേരളവും മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.