തെളിവെടുപ്പിന് കൊണ്ടു വന്ന മോഷണക്കേസ് പ്രതിക്ക് ഉപദേശമായി അധ്യാപിക : മോനെ ഇനി മോഷ്ടിക്കരുത്
പാലക്കാട് :ഇനി ചെയ്യരുത് കേട്ടോ മോനെ, ഞാനൊരു അധ്യാപികയാണ്. ഞങ്ങളുടെ വീട്ടിൽ മാത്രമല്ല മറ്റ് ആരുടെ വീട്ടിലും ഇനി മുതൽ മോഷ്ടിക്കാൻ പോവരുത്. നല്ലതായി പെരുമാറാൻ ശ്രമിക്കണം. പാലക്കാട് തൃത്താല കാവിൽപ്പടിയിലെ അധ്യാപിക മുത്തുലക്ഷ്മിയാണ് തൃത്താല പൊലീസ് തെളിവെടുപ്പിനെത്തിച്ച കവർച്ചാക്കേസ് പ്രതിയായ കണ്ണൂർ സ്വദേശി ഇസ്മയിലിനോട് ഉപദേശരൂപേണ പറഞ്ഞത്. മുത്തുലക്ഷ്മിയുടെ വീട്ടിൽ ഉൾപ്പെടെ നിരവധി വീടുകളിലാണ് ഇസ്മയിൽ കവർച്ചയ്ക്ക് കയറിയത്. തുടർ കവർച്ച നടത്തിയതിന് കഴിഞ്ഞദിവസമാണ് ഇസ്മയിലിനെ തൃത്താല പൊലീസ് പിടികൂടിയത്.സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയിലേക്കെത്തുന്നത്. ആനക്കരയിൽ രണ്ടു വീടുകളിലും, ഞാങ്ങാട്ടിരിയിൽ യുവതിയുടെ മാലപൊട്ടിച്ചതുമടക്കം പ്രദേശത്തെ അഞ്ച് വീടുകളിലാണ് പ്രതി മോഷണം നടത്തിയത്. അഞ്ചു കേസുകളാണ് പ്രതിക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.