നവകേരള സദസ്സിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന് സർക്കുലർ
പത്തനംതിട്ട: റാന്നിയിലും തിരുവല്ലയിലും നടക്കുന്ന നവകേരള സദസ്സില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സര്‍ക്കുലര്‍. റാന്നിയില്‍ തഹസില്‍ദാറും തിരുവല്ലയില്‍ സബ് കളക്ടറുമാണ് സര്‍ക്കുലര്‍ ഇറക്കിയത്. നവകേരള സദസ്സില്‍ പങ്കെടുക്കുന്നവരുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിനും വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് തിരുവല്ലയില്‍ പ്രവേശിക്കുന്നതോടെ പത്തനംതിട്ട ജില്ലയിലെ നവകേരള സദസ്സിന് തുടക്കമാകും. ആലപ്പുഴ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ആറു മണിയോടെ തിരുവല്ലയിലെ പരിപാടി ആരംഭിക്കുക സാധ്യമല്ലെന്ന് വിലയിരുത്തലില്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് സമ്മര്‍ദത്തിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ശ്രമമെന്നാണ് വിലയിരുത്തല്‍. നിര്‍ബന്ധമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും പങ്കെടുക്കണമെന്നാണ് നിര്‍ദേശം.പൊതു അവധിദിവസമായ ഞായറാഴ്ച റാന്നി മണ്ഡലത്തിലെ നവകേരള സദസ്സിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പുവരുത്താനാണ് നിര്‍ബന്ധിത പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് തഹസില്‍ദാര്‍ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നതെന്നാണ് വിവരം.