ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി
ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ചാലക്കുന്ന് മുത്തപ്പൻ ക്ഷേത്രത്തിനു സമീപം ബൈപാസിൽ ഇന്നലെ വൈകിട്ട് 6.30നാണ് സംഭവം. പാനൂർ സ്വദേശി സുരേഷിന്റേതാണ് സ്കൂട്ടർ. കലക്ടറേറ്റിൽ ജോലി ചെയ്യുന്ന സുരേഷ് ജോലി കഴിഞ്ഞ് പാനൂരിലേക്ക് പോകുകയായിരുന്നു. ചാലക്കുന്നിൽ എത്തിയപ്പോൾ സ്കൂട്ടറിന്റെ എൻജിൻ നിലച്ചു. പെട്ടെന്ന് പുക ഉയരാൻ തുടങ്ങി. പരിശോധിച്ചപ്പോൾ ബാറ്ററിയിൽ നിന്നാണ് പുക ഉയരുന്നതെന്ന് മനസ്സിലായി.നാട്ടുകാർ പാത്രങ്ങളിലും മറ്റും വെള്ളം കൊണ്ടു വന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് വൻ പുകച്ചുരുൾ ഉയരാൻ തുടങ്ങിയതോടെ പരിസരവാസികൾ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന സ്കൂട്ടറിലെ ബാറ്ററി പുറത്തെടുത്തു. പുറത്തെടുത്തതിന് ശേഷവും ബാറ്ററിയിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. ബാറ്ററി മുഴുവൻ നശിച്ചു. സ്കൂട്ടറിനും കേടുപാടുകൾ പറ്റി.