കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കണ്ടെത്തി പരിഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് : ഇപി ജയരാജൻ
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കണ്ടെത്തി പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് തുറന്നുപറഞ്ഞ് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. സഹകരണ മേഖലയിലാകെ ആശങ്ക ഉയര്‍ത്തിയ പ്രശ്നം നേരത്തെ പരിഹരിക്കേണ്ടതായിരുന്നുവെന്നും, തനിക്കെതിരായ തെറ്റായ ആരോപണത്തിൽ ഇന്നലെ തന്നെ ഡി.ജി.പിക്ക് പരാതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ളാങ്കിൽ സംസാരിക്കുകയായിരുന്നു ഇ.പി.‘കരുവന്നൂര്‍ തട്ടിപ്പിലെ പ്രധാന പ്രതി പി സതീഷ് കുമാർ മട്ടന്നൊരുകാരനാണ്. എനിക്കു നന്നായി അറിയാം. പക്ഷെ അയാളുടെ ഇടപാടുകൾ അറിയില്ല, എനിക്ക് അയാളുമായി ഇടപാടില്ല. സതീശന്‍റെ ഡ്രൈവറെക്കൂടി ഇ.ഡി അന്വേഷണ പരിധിയിൽ കൊണ്ട് വരണം. തൃശ്ശൂര്‍ രാമനിലയത്തിൽ പലരും വന്നു കാണാറുണ്ട്. അതൊന്നും നോക്കി വെക്കാറില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടൻ ചെയ്ത് കൊടുക്കുന്ന വ്യക്തിയല്ല. പി ആർ അരവിന്ദാക്ഷനെ അറിയില്ല. അരവിന്ദാക്ഷനല്ല ആരായാലും തെറ്റ് ചെയ്തു എന്ന് ബോധ്യമായാൽ പാർട്ടി സംരക്ഷിക്കില്ല. അങ്ങിനെ സംരക്ഷണം നൽകുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതി അല്ല’, ഇടതുമുന്നണി കണ്‍വീനര്‍ വ്യക്തമാക്കി.അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് ചർച്ച ചെയ്യുന്നതിനായി എ.കെ.ജി സെന്ററില്‍ അടിയന്തര യോഗം. കരുവന്നൂര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ കേരള ബാങ്കിന്റെ ഫ്രാക്ഷന്‍ വിളിച്ച് സി.പി.എം. ബാങ്കിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം. പ്രതിസന്ധിയില്‍ നിന്ന് തടിയൂരാന്‍ അടിയന്തിരമായി പണം വേണമെന്ന് സിപിഎം നേതൃത്വം. കേരളബാങ്കില്‍ നിന്ന് 50 കോടി നൽകാനാണ് നിര്‍ദ്ദേശം. എന്നാല്‍ ഇതുകൊണ്ട് നിക്ഷേപകരുടെ നാലിലൊന്ന് പണം പോലും നൽകാനാകില്ല. പ്രതിഷേധമുയര്‍ത്തിയ നിക്ഷേപകര്‍ക്ക് കുറച്ച് തുക നല്‍കി പ്രശ്‌നം തണുപ്പിക്കാനാണ് നിര്‍ദേശം.