ഭൂപതിവ് നിയമ ഭേദഗതി ബിൽ ഒപ്പിടാത്ത ഗവർണർ : പ്രതിഷേധിച്ച് എൽഡിഎഫ്
ഭൂപതിവ് നിയമ ഭേദഗതി ബിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ്. പ്രത്യക്ഷ സമരത്തിന്റെ ഭാഗമായി ജനുവരി 9ന് രാജ്ഭവനിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. എന്നാൽ നിലവിലെ ചട്ടം ഭേദഗതി ചെയ്ത് സർക്കാരിന് പരിഹരിക്കാൻ കഴിയുന്ന വിഷയം, ഗവർണറുടെ മുന്നിലേക്ക് എത്തിച്ചെന്നാണ് യുഡിഎഎഫ് സർക്കാരിനെതിരെ ഉയർത്തുന്ന ആരോപണം.ജനുവരി നാലു മുതൽ ആറുവരെ പഞ്ചായത്ത് തലത്തിൽ എൽഡിഎഫ് സമര പ്രഖ്യാപനം നടത്തും. ഒൻപതിന് കർഷകരെ പങ്കെടുപ്പിച്ച് രാജ്ഭവൻ മാർച്ചും നടത്തും. അതേ സമയം ചട്ടത്തിൽ മാത്രം മാറ്റം വരുത്തിയാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നുവെന്നാണ് യുഡിഎഫ് ഇപ്പോൾ പറയുന്നത്. നിയമ ഭേദഗതി വരുത്തി പ്രശ്നം സങ്കീർണ്ണമാക്കിയെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു. ഇക്കാര്യങ്ങൾ തുറന്നു കാട്ടാൻ പഞ്ചായത്തുകൾ തോറും ജനവഞ്ചന സദസ്സ് നടത്തും. ജനുവരി അവസാനം കളക്ടറേറ്റ് ഉപരോധവും നടത്തും.സെപ്റ്റംബർ 14 നാണ് നിയമസഭ ഭൂപതിവ് നിയമ ഭേദഗതി ബിൽ പാസാക്കിയത്. സർക്കാർ – ഗവർണർ പോര് രൂക്ഷമായതോടെ രാഷ്ട്രപതിക്ക് ബിൽ അയയ്ക്കുമെന്നയിരുന്നു സർക്കാരിന് ആശങ്ക. എന്നാൽ ഇതുണ്ടായിട്ടില്ല. മൂന്ന് മാസത്തിനുള്ളിൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അതിനു മുമ്പ് ബിൽ നിയമമായില്ലെങ്കിൽ സർക്കാരിനും എൽഡിഎഫിനും പ്രയോജനം ലഭിക്കില്ല.നിയമഭേദഗതിയുടെ കാര്യത്തിൽ പോലും അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ചട്ട ഭേദഗതിയുൾപ്പെടെയുള്ള നടപടികൾ റവന്യു വകുപ്പ് തൽക്കാലത്തേക്കെങ്കിലും അവസാനിപ്പിച്ച സ്ഥിതിയാണ്.