യുദ്ധവിരുദ്ധ കവിത ചൊല്ലി : റഷ്യൻ കവിക്ക് 7 തടവ് ശിക്ഷ വിധിച്ചു
മോസ്‌കോ: യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ വിമര്‍ശിച്ച് കാവ്യശകലങ്ങള്‍ ചൊല്ലിയ റഷ്യന്‍ കവിയെ ഏഴുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ആര്‍ട്യോം കമര്‍ദീനെയാണ് വ്യാഴാഴ്ച മോസ്‌കോയിലെ ട്വെര്‍സ്‌കോയി ജില്ലാകോടതി ശിക്ഷിച്ചത്. വിയോജിപ്പുകളെ നിശ്ശബ്ദമാക്കാന്‍ പുതിന്‍ഭരണകൂടം സ്വീകരിച്ചുവരുന്ന കഠിനനടപടികളില്‍ ഏറ്റവും ഒടുവിലത്തേതാണിത്.ദേശസുരക്ഷയ്ക്ക് വെല്ലുവിളി, വിദ്വേഷപരാമര്‍ശം തുടങ്ങിയ കുറ്റങ്ങളാണ് കമര്‍ദീനുമേല്‍ ചുമത്തിയത്. 2022 സെപ്റ്റംബറില്‍ മോസ്‌കോയിലെ ഡൗണ്‍ടൗണില്‍ പ്രശസ്ത കവി വ്‌ളാദിമിര്‍ മയാകോവ്സ്‌കിയുടെ പ്രതിമയ്ക്കുസമീപം നടന്ന തെരുവുപരിപാടിയിലാണ് തന്റെ യുദ്ധവിരുദ്ധകവിത അദ്ദേഹം അവതരിപ്പിച്ചത്. അന്ന് പരിപാടിയില്‍ പങ്കെടുത്ത് കവിത ഏറ്റുചൊല്ലിയ യെഗോര്‍ ഷ്റ്റ്വോബ എന്നയാളെയും കോടതി അഞ്ചുവര്‍ഷം തടവിനുശിക്ഷിച്ചു.കോടതിവിധി അപമാനകരമാണെന്ന് കമര്‍ദീന്റെ ഭാര്യ അലക്സാണ്ട്ര പൊപ്പോവ പ്രതികരിച്ചു. 2022 ഫെബ്രുവരി 22 മുതല്‍ കഴിഞ്ഞമാസംവരെ യുക്രൈന്‍യുദ്ധത്തെ വിമര്‍ശിച്ചതിന് 19,847 പേരാണ് റഷ്യയില്‍ അറസ്റ്റിലായത്. ഇതില്‍ 794 ആളുടെ പേരില്‍ ക്രിമിനല്‍ക്കുറ്റങ്ങള്‍ ചുമത്തി.