യുദ്ധത്തിന്റെ വ്യര്‍ത്ഥമായ യുക്തി’യാല്‍ യേശുവിന്റെ സമാധാന സന്ദേശം മുങ്ങിമരിക്കുന്നു; ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാന്‍: യേശു ജനിച്ച മണ്ണില്‍ തന്നെ ‘യുദ്ധത്തിന്റെ വ്യര്‍ത്ഥമായ യുക്തി’യാല്‍ അദ്ദേഹത്തിന്റെ സമാധാന സന്ദേശം മുങ്ങിമരിക്കുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ക്രിസ്മസ് കുര്‍ബാനയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷമാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ ക്രിസ്മസ് അഭിസംബോധനയില്‍ മുഖ്യ സ്ഥാനം നേടിയത്. ‘ഇന്ന് രാത്രി, നമ്മുടെ ഹൃദയങ്ങള്‍ ബെത്ലഹേമിലാണ്, അവിടെ യുദ്ധത്തിന്റെ വ്യര്‍ത്ഥമായ യുക്തിയാല്‍, ആയുധങ്ങളുടെ ഏറ്റുമുട്ടലിലൂടെ സമാധാനത്തിന്റെ രാജകുമാരന്‍ ഒരിക്കല്‍ കൂടി നിരസിക്കപ്പെട്ടു, അത് ഇന്നും അവനെ ലോകത്ത് ഇടം കണ്ടെത്തുന്നതില്‍ നിന്ന് തടയുന്നു,’ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയിലെ പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രതിജ്ഞയെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് 87 കാരനായ മാര്‍പ്പാപ്പ സമാധാനത്തിനായി സംസാരിച്ചത്.സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ 6,500 പേര്‍ പങ്കെടുത്ത കുര്‍ബാനയില്‍, ക്രിസ്മസിന്റെ യഥാര്‍ത്ഥ സന്ദേശം സമാധാനവും സ്നേഹവുമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. ലൗകിക വിജയത്തിലും ഉപഭോക്തൃത്വത്തിന്റെ വിഗ്രഹാരാധനയിലും ഭ്രമിക്കരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.