മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് : ആദ്യം പ്രദര്‍ശനത്തിന്, പിന്നെ കല്യാണത്തിന്

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന്റെ ഭാവി തീരുമാനമായി. ആദ്യം ബസ് തലസ്ഥാനത്തുള്‍പ്പെടെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. പിന്നീട് വാടകയ്ക്ക് നല്‍കും. വിവാഹം, വിനോദം, തീര്‍ഥാടനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നവകേരള ബസ് വാടകയ്ക്ക് ലഭിക്കും.കെ.എസ്.ആര്‍.ടി.സി.യുടെ പേരിലാണ് ബസ് വാങ്ങിയിട്ടുള്ളത്. കെ.എസ്.ആര്‍.ടി.സി.ക്കാകും പരിപാലനച്ചുമതല. വാടക തീരുമാനിച്ചിട്ടില്ലെങ്കിലും സ്വകാര്യ ആഡംബര ടൂറിസ്റ്റ് ബസുകളെക്കാള്‍ കുറവായിരിക്കും. ദിവസം എണ്ണായിരം രൂപവരെ ഈടാക്കാമെന്ന് ചര്‍ച്ചവന്നിട്ടുണ്ട്. നവകേരള സദസ്സിന്റെ എറണാകുളത്തെ പര്യടനംകൂടി പൂര്‍ത്തിയായശേഷമാകും ബസ് കെ.എസ്.ആര്‍.ടി.സി.ക്ക് വിട്ടുകൊടുക്കുക.ഇതിനുശേഷം പുതിയ മന്ത്രി കാര്യങ്ങള്‍ വിശദീകരിക്കും. കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനാണ് സാധ്യത. 25 പേര്‍ക്കുള്ള ഇരിപ്പിടമാണ് ബസിലുള്ളത്. ശുചിമുറിയുള്ള ബസുകള്‍ സംസ്ഥാനത്ത് കുറവാണ്.ഇതിനകം എഴുന്നൂറിലധികംപേര്‍ പേര്‍ ബസ് വാടകയ്ക്ക് ലഭ്യമാകുമോ എന്നുചോദിച്ച് കെ.എസ്.ആര്‍.ടി.സി. അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്. 1.15 കോടി മുടക്കിയാണ് ഭാരത് ബെന്‍സിന്റെ ബസ് വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *