സംസ്ഥാനത്ത് വീണ്ടും കോവിഡ് വകഭേദമായ ജെഎൻ.1 (JN.1) സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും കോവിഡ് വകഭേദമായ ജെഎൻ.1 (JN.1) സ്ഥിരീകരിച്ചു. നാല് പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം ബാധിച്ചിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണ് ജെഎൻ.1. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഏറെയും ജെഎൻ.1 വകഭേദമാണെന്നാണ് കണക്ക്. ഇതിനിടെയാണ് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നിന്ന് ശേഖരിച്ച ഒരു സാമ്പിളിൽ ജെഎൻ.1 സ്ഥിരീകരിച്ചത്. കൊവിഡ് ഉപ-വേരിയന്റ് ജെഎൻ.1 ആദ്യമായി കണ്ടെത്തിയത് കേരളത്തിലാണ്. ഒരു ദിവസം ഏറ്റവും കൂടുതൽ സജീവമായ കേസുകൾ (126) രേഖപ്പെടുത്തിയതും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.കർണാടക (96), മഹാരാഷ്ട്ര (35), ഡൽഹി (16), തെലങ്കാന (11), ഗുജറാത്ത് (10) എന്നിവയുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ ദിവസേനയുള്ള സജീവമായ കേസുകൾ വർദ്ധിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.അതേസമയം കോവിഡ് കേസുകളുടെ നിലവിലെ വർദ്ധനവ് ആശങ്കയ്‌ക്ക് കാരണമല്ലെന്നും പരിഭ്രാന്തരാകരുതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എങ്കിലും മുൻകരുതൽ നടപടിയായി ആളുകൾ മാസ്ക് ധരിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.