പെട്രോൾ പാമ്പ് മാനേജരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഇൻസ്റ്റഗ്രാം താരം ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
കണിയാപുരം: പെട്രോൾ പാമ്പ് മാനേജരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഇൻസ്റ്റഗ്രാം താരം ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. വെള്ളല്ലൂർ സ്വദേശികളായ വിനീത്, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. കണിയാപുരം പെട്രോൾ പമ്പ് മാനേജരുടെ പൈസയാണ് ഇവർ തട്ടിയെടുത്തത്. പരാതിക്കാരൻ എസ്.ബി.ഐയിൽ അടയ്ക്കാൻ കൊണ്ടുപോയ രണ്ടര ലക്ഷത്തോളം രൂപയാണ് പ്രതികൾ കവർന്നത്.ഇക്കഴിഞ്ഞ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഒപ്പം ബലാത്സംഗ കേസിലും പ്രതിയാണിയാൾ. കവർച്ചയ്ക്കു ശേഷം സ്കൂട്ടർ ഉപേക്ഷിച്ച് കടന്ന ഇവർ പല സ്ഥലങ്ങളിൽ ലോഡ്ജുകളിൽ മാറി മാറി താമസിക്കുകയായിരുന്നു. ഇവരെ തൃശൂരിലെ ലോഡ്ജിൽ നിന്നാണ് മംഗലപുരം പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.കഴിഞ്ഞ ഓഗസ്റ്റിലാണ് ഫോര്‍ട്ട് എസി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം ബലാത്സംഗ കേസിൽ വിനീതിനെ പിടികൂടുന്നത്. കാര്‍ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഹോട്ടല്‍ മുറിയിൽ ബലാത്സംഗം ചെയ്തതാണ് പരാതി. വിനീതിന്റെ പേരില്‍ നേരത്തെയും കേസുകളുണ്ടായിരുന്നു. മോഷണക്കേസില്‍ കണ്‍ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലും അടിപിടി കേസില്‍ കിളിമാനൂര്‍ സ്റ്റേഷനിലും വിനീത് പ്രതിയാണ്.