പുകയാക്രമണത്തിൽ പ്രതിഷേധം; 78 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ

Spread the love

ന്യൂഡൽഹി : ലോക്സഭയിലും രാജ്യസഭയിലുമായി വീണ്ടും പ്രതിപക്ഷ എംപിമാർക്കു കൂട്ടത്തോടെ സസ്പെൻഷൻ. ഇന്ന് 78 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ ആകെ സസ്പെൻഡ് ചെയ്ത എംപിമാരുടെ എണ്ണം 92 ആയി. പാർലമെന്റിലെ പുകയാക്രമണക്കേസിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണു നടപടി. സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ വിശദീകരണം നൽകണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. കേരളത്തിൽനിന്നുള്ള എംപിമാർക്കെതിരെയും നടപടിയുണ്ട്. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, കേരളത്തിൽനിന്നുള്ള ഇ.ടി.മുഹമ്മദ് ബഷീർ, എൻ.കെ.പ്രേമചന്ദ്രൻ, രാജ്‍മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരടക്കമുള്ള എംപിമാരെയാണു സസ്പെൻഡ് ചെയ്തത്. ഡോ. കെ.ജയകുമാർ, അബ്ദുൽ ഖാലിഖ്, വിജയ് വസന്ത് എന്നിവർക്ക് അവകാശ ലംഘന സമിതി റിപ്പോർട്ട് വരുന്നതു വരെയും ബാക്കി 30 പേർക്ക് ഈ സമ്മേളന കാലാവധി വരെയുമാണു സസ്പെൻഷൻ.ലോക്സഭയിലെ അതിക്രമത്തെക്കുറിച്ചു ചർച്ച ആവശ്യപ്പെട്ട 14 പ്രതിപക്ഷ എംപിമാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. പാർലമെന്റിലെ അതിക്രമത്തിനെതിരെ പ്രതിഷേധിച്ച എംപിമാരെ സസ്പെൻഡ് ചെയ്തതോടെ കേന്ദ്ര സർക്കാരിനെതിരെ തുറന്ന പോരിലേക്കു പ്രതിപക്ഷം നീങ്ങുന്നതിനിടെയാണു നടപടി. ലോക്സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കേന്ദ്രത്തിനെതിരെ ‘ഇന്ത്യ’ മുന്നണിയുടെ പോരാട്ടവേദിയായി പാർലമെന്റിനെ മാറ്റാനാണു ശ്രമം.അതിക്രമം ചോദ്യംചെയ്ത എംപിമാർ കൂട്ടമായി സസ്പെൻഷൻ നേരിടുകയും അക്രമികൾക്കു പാർലമെന്റിലെത്താൻ പാസ് നൽകിയ ബിജെപി എംപി: പ്രതാപ് സിംഹ ലോക്സഭാംഗമായി തുടരുകയും ചെയ്യുന്നതിലൂടെ രാഷ്ട്രീയ മര്യാദയുടെ സർവസീമകളും ഭരണപക്ഷം ലംഘിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. അതിക്രമത്തെക്കുറിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *